
പെരുമ്പാവൂർ: 30 ലക്ഷം രൂപ വില വരുന്ന ഹെറോയിനുമായി സ്ത്രീയടക്കം രണ്ടുപേർ പിടിയിലായി. അസാം സ്വദേശികളായ നൂർ അമീൻ (29), ഹിബ്ജുൻ നഹർ (25) എന്നിവരാണ് പോഞ്ഞാശ്ശേരി നായരുപീടികയിൽ നിന്ന് പിടിയിലായത്. പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ബാഗിനുള്ളിൽ 14 സോപ്പു പെട്ടികളിലാണ് ഫെറോയിൻ സൂക്ഷിച്ചിരുന്നതെന്നും 150 ഗ്രാം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു
ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തിയ പ്രതികൾ അവിടെനിന്ന് ഓട്ടോറിക്ഷയിൽ പോഞ്ഞാശേരി ഭാഗത്ത് എത്തുകയായിരുന്നു. അന്തർസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ലഹരിവസ്തു കൊണ്ടുവന്നത്. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്.ഐ പി.എം. റാസിക്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.