
ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ മുഖ്യപ്രതി സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പള്ളിപ്പുറത്തെ രണ്ടരയേക്കർ പുരയിടത്തിൽ പോലീസ് നടത്തിയ പരിശോധനയില്‍ വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 25 മീറ്റര്‍ മാറിയാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.സ്ഥലത്തെ പുല്ല് നീക്കിയും മണ്ണുമാറ്റിയും തിരച്ചില്‍ തുടരുകയാണ്. സംശയമുള്ള സ്ഥലങ്ങൾ കുഴിച്ചും കുളം വറ്റിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതാണെന്ന് അറിയാനായി ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെ നടത്തും.
കഴിഞ്ഞദിവസമാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് കൂടുതൽ സംശയങ്ങൾക്കിടയാക്കിയിരുന്നു. ലഭിച്ച തലയോട്ടിയുടെയും തുടയെല്ലുകളുടെയും പ്രാഥമിക പരിശോധനയില്‍ മരിച്ചത് ജെയ്നമ്മയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. 10 വര്‍ഷം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ചേര്‍ത്തല സ്വദേശിനി ഐഷയുടെ മകളുടെ രക്തസാംപിള്‍ ശേഖരിച്ച് തുടര്‍നടപടികളിലേക്കു കടന്നിട്ടുണ്ട്.