
തമിഴ്നാട് സര്‍ക്കാര്‍ ആരംഭിക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് നിലവിലെ മുഖ്യമന്ത്രിയുടെയും മുന്‍മുഖ്യമന്ത്രിമാരുടെയും പേരും ചിത്രവും ഉപയോഗിക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എഐഎഡിഎംകെ എംപി സി വെ. ഷണ്മുഖം സമർപ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഹര്‍ജി അനാവശ്യമാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി ഹർജിക്കാരന് 10 ലക്ഷംരൂപ പിഴയും വിധിച്ചു. ഈ തുക സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികൾക്കായി നൽകണമെന്നും കോടതി ഉത്തരവിട്ടു.
ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്ന ആളുകളുടെ ചിത്രങ്ങളോ പേരുകളോ ഉപയോഗിക്കുന്നതിന് നിയമപരമായ തടസങ്ങളില്ലെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു.
ഹര്‍ജി ബാലിശമാണെന്നും നിലവിലെ മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ചുകൊണ്ടാണെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് പ്രചാരണം നല്കാന് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് അനുമതിയുണ്ടെന്നും കോടതി വ്യക്തമാക്കി.
തമിഴ്നാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പൊതുജനക്ഷേമ പദ്ധതികൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഹൈക്കോടതി ഉത്തരവ് ഒരു “വിലക്ക്” ആയി പ്രവർത്തിക്കുന്നുണ്ടെന്ന് ഡിഎംകെയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ മുകുൾ റോഹത്ഗിയും പി വിൽസണും വാദിച്ചു
. സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ എ എം സിംഗ്വി ഒരു പ്രത്യേക ഹർജിയിൽ ഹാജരായി.