
കൊച്ചി: ജനുവരി മാസം എറണാകുളം അയ്യപ്പൻകാവിനടുത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ 108000 രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. കവർച്ചയിൽ മൂന്ന് പ്രതികളാണ് ഉൾപ്പെട്ടിരുന്നത്. ഒന്നാം പ്രതിയായ കുട്ടപ്പായി എന്ന സാം ജോസഫിന്നെ ഫെബ്രുവരിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മറ്റു രണ്ട് പ്രതികൾ ഒളിവിലായായിരുന്നു. രണ്ടാം പ്രതിയായ പച്ചാളം കൊമരോത്ത് വീട്ടിൽ അമൽ (27), മൂന്നാം പ്രതി പച്ചാളം കാട്ടുങ്കൽ അമ്പലത്തിന് സമീപം ചൗക്കപറമ്പ് വീട്ടിൽ ശ്രീജിത്ത് (28) എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. രണ്ടാം പ്രതി അമൽ എറണാകുളം ലോ കോളജിൽ രണ്ടാം വർഷ നിയമ വിദ്യാർഥിയാണ്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എറണാകുളം നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം സെൻട്രൽ അസി. കമ്മീഷണറുടെ നിർദ്ദേശപ്രകാരം നോർത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ ജിജിൻ ജോസഫ്, എസ്.ഐ എയിൻ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.