
കൊച്ചി ∙ മറൈൻ ഡ്രൈവിനോടു ചേർന്നു കിടക്കുന്ന ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്ക് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണു കൈമാറ്റം.
പാർക്കിന്റെ ദൈനംദിന ഭരണ നിർവഹണ ചുമതല ജില്ലാ ശിശുക്ഷേമ സമിതിക്കു കൈമാറി.സർക്കാർ രൂപീകരിച്ച ഔദ്യോഗിക ശിശുക്ഷേമ സമിതി നിലനിൽക്കെ, സ്വതന്ത്ര സംഘടനയായ മറ്റൊരു ശിശുക്ഷേമ സമിതിയാണു ചിൽഡ്രൻസ് പാർക്ക് ഉൾപ്പെടെയുള്ള വസ്തുവകകൾ പതിറ്റാണ്ടുകളായി കൈകാര്യം ചെയ്തിരുന്നത്.
തിരഞ്ഞെടുത്ത ജില്ലാ ശിശുക്ഷേമ സമിതിക്കു ഭരണച്ചുമതല കൈമാറണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന ശിശുക്ഷേമ സമിതിയാണു ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെയും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിൽ ഭരണച്ചുമതല ശിശുക്ഷേമ സമിതിക്കു കൈമാറി കലക്ടറായിരുന്ന എൻ.എസ്.കെ. ഉമേഷ് 23ന് ഉത്തരവിട്ടിരുന്നു. ചിൽഡ്രൻസ് പാർക്ക് സെക്രട്ടറി കൂടിയായ തദ്ദേശ വകുപ്പ് അസി.
ഡയറക്ടർ വി.എസ്. രാജേഷ് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി സുനിൽ ഹരീന്ദ്രനു പാർക്കിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അധികാരം ഇന്നലെ കൈമാറി.