
മൂവാറ്റുപുഴ∙ പുഴയോര ടൂറിസം പദ്ധതിയുടെ ഭാഗമായി നഗരത്തിൽ നിർമിക്കുന്ന തൂക്കുപാലത്തിന്റെ നിർമാണം ആരംഭിച്ചു. നഗരത്തിലെ ഡ്രീം ലാൻഡ് പാർക്കിൽ നിന്നു തൊടുപുഴയാറിനു കുറുകെ പേട്ടയിലേക്ക് നിർമിക്കുന്ന തൂക്കുപാലത്തിന്റെ ഒരു കാലിന്റെ നിർമാണം പൂർത്തിയായി.
2 തൂണുകളാണ് തൂക്കുപാലത്തിനുണ്ടാവുക. കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ചാണ് തൂക്കുപാലം നിർമിക്കുന്നത്. 2 ഘട്ടങ്ങളിലായി 13 കോടി രൂപയുടെ പുഴയോര വിനോദ സഞ്ചാര പദ്ധതിയാണ് നഗരസഭ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടമാണ് തൂക്കുപാലം. കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിർമിക്കും.
രണ്ടാം ഘട്ടത്തിൽ വാച്ച് ടവർ, മ്യൂസിയം, കഫറ്റേരിയ, ബോട്ടു ജെട്ടി, ജലയാത്ര നടത്തുന്നതിനുള്ള സോളർ ബോട്ട് എന്നിവയും ഒരുക്കും. നാലരയേക്കർ വരുന്ന ഡ്രീം ലാൻഡ് പാർക്കിലെ പാറക്കെട്ടുകളും മുളങ്കാടുകളും കുന്നുകളും നിലനിർത്തിയാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. പാർക്ക് നവീകരിക്കാനും പദ്ധതിയുണ്ട്.