
പിറവം∙ ടൗണിൽ 4 മാസം മുൻപു നടപ്പാക്കിയ ഗതാഗത പരിഷ്കാരവും വൺവേ നിയന്ത്രണവും താളം തെറ്റിയതോടെ ഗതാഗത കുരുക്കു രൂക്ഷം. ബസ് സ്റ്റാൻഡ് പരിസരം, പള്ളിക്കവല പോസ്റ്റ് ഓഫിസ് ജംക്ഷൻ ഉൾപ്പെടെ ടൗണിലെ പ്രധാന ജംക്ഷനുകളിലെല്ലാം മിക്ക ദിവസങ്ങളിലും വാഹനങ്ങളുടെ നീണ്ടനിരയാണ്.
ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകൾ ഭൂരിഭാഗവും അപ്രത്യക്ഷമായി. ഇതോടെ പുറത്തു നിന്നെത്തുന്ന വാഹനങ്ങൾ വഴിയിൽ കുരുങ്ങുന്നതും ഗതാഗത തടസ്സത്തിന് വഴിയൊരുക്കും. ബസ് സ്റ്റാൻഡിൽ നിന്നു ബസ് ഇറങ്ങുന്നതു പോലും തടസ്സപ്പെടുത്തുന്ന നിലയിൽ വാഹനം പാർക്കു ചെയ്താണു കഴിഞ്ഞ ദിവസം ചരക്കിറക്കിയത്.
ഗതാഗത തടസ്സമുണ്ടായതോടെ നാട്ടുകാർ വാഹനം നീക്കി. ഗതാഗതക്കുരുക്കും അനധികൃത പാർക്കിങ്ങും പരാതിയാകുമ്പോൾ നഗരസഭ ഗതാഗത പരിഷ്കരണ സമിതി യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കുമെങ്കിലും നടപ്പാകാറില്ല. തിരക്കേറിയ സമയങ്ങളിൽ ടൗണിലെ സ്ഥാപനങ്ങളിൽ ചരക്ക് ഇറക്കുന്നതിനു നിയന്ത്രണം, സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് നിയന്ത്രണം, നടപ്പാത കയ്യേറ്റത്തിനെതിരെ നടപടി തുടങ്ങി ഗതാഗതകുരുക്ക് കുറയ്ക്കാൻ ഉപകാരപ്പെടുന്ന കാര്യങ്ങളിലൊന്നും തീരുമാനമുണ്ടായിട്ടില്ല.
പൊലീസ്രഹിത ബസ് സ്റ്റാൻഡ്
ബസ് സ്റ്റാൻഡിനുള്ളിൽ പൊലീസ് എയ്ഡ് പോസ്റ്റിന്റ പ്രവർത്തനം നിലച്ചതോടെ സാമൂഹികവിരുദ്ധശല്യം സജീവം. ലഹരി വസ്തുക്കൾ കൈമാറുന്നവരും വിദ്യാർഥികളോടും യാത്രക്കാരോടും അപമര്യാദയായി പെരുമാറുന്നവരുമെല്ലാം ഇവിടെ തമ്പടിക്കാറുണ്ട്. സമീപ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ ഒട്ടേറെ വിദ്യാർഥികളാണ് സ്റ്റാൻഡിൽ എത്തുന്നത്. തിരക്കേറിയ സമയങ്ങളിലെങ്കിലും കൺട്രോൾ റൂം വെഹിക്കിൾ പൊലീസ് സംവിധാനം എത്താത്തതും പരാതിക്ക് ഇടയാക്കുന്നു.