
കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. മകൾ ജീവനൊടുക്കിയത് മതപരിവർത്തന ശ്രമം മൂലമാണെന്ന് പരാതിയിൽ പറയുന്നു.
പോലീസ് കേസെടുത്തെങ്കിലും ദുർബല വകുപ്പുകൾ മാത്രമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. യുവതി ജീവനൊടുക്കിയത് മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത അവഗണനയെ തുടർന്നാണെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം കേസ് അന്വേഷിക്കാൻ പത്തംഗ സംഘത്തെ നിയോഗിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാരുമുണ്ട്. കേസിൽ റമീസിന്റെ മാതാപിതാക്കളെയും പ്രതിചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
ഇരുവരെയും ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇവർക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.