
കരിമുകൾ: മുന്നറിയിപ്പ് ബോർഡ് വെക്കാതെയുള്ള റോഡിന് കുറുകെ നടത്തുന്ന കാന നിർമാണത്തിന് സമീപം വാഹന യാത്രികന് വീണ് പരിക്ക്. അമ്പലപ്പടിയിൽ വാടകക്ക് താമസിക്കുന്ന പടിപ്പുരക്കൽ ഹംസക്കോയക്കാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10ഓടെ ജോലി കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് വരുന്നതിനിടെ കരിമുകൾ കാർബൺ കമ്പനിക്ക് സമീപം നിർമിക്കുന്ന ചപ്പാത്തിന്റെ ഭാഗത്താണ് അപകടം.
നിർമാണം നടക്കുന്ന ഭാഗത്ത് വേണ്ടത്ര മുന്നറിയിപ്പ് ബോർഡോ, സുരക്ഷ സംവിധാനമോ, വെളിച്ചമോ ഉണ്ടായിരുന്നില്ല. ചെറിയ രൂപത്തിൽ അടച്ച് കെട്ടിയിട്ടുണ്ടങ്കിലും രാത്രി അടുത്ത് എന്തുമ്പോഴാണ് വാഹനങ്ങളുടെ ശ്രദ്ധയിൽപെടുന്നത്. കഴിഞ്ഞ ദിവസം കരിമുകൾ-പീച്ചിങ്ങച്ചിറ റോഡിലും കാന നിർമാണവുമായി ബന്ധപ്പെട്ട് നിർമിച്ച കുഴിയിൽ ഇരുചക്ര വാഹന യാത്രികൻ വീണ് പരിക്കേറ്റിരുന്നു. പൊതുമരാമത്ത് വകുപ്പിനും കരാറുകാരനും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹംസക്കോയ അമ്പലമേട് പൊലീസിൽ പരാതി നൽകി.