
കോതമംഗലം : ഊന്നുകല്ലിൽ ആൾത്താമസമില്ലാത്ത വീട്ടിൽവെച്ച് കൊല്ലപ്പെട്ട വേങ്ങൂർ സ്വദേശിനി ശാന്തയുടെ മൊബൈൽ ഫോണും ബാഗും കോതമംഗലം കുരൂർതോട്ടിൽ നിന്ന് കണ്ടെടുത്തു. പ്രതി അടിമാലി സ്വദേശി രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഫയർഫോഴ്സിന്റെ സഹായത്തോടെ കൂരൂർതോട്ടിൽ തിരച്ചിൽ നടത്തിയത്.
രാജേഷ് ചൂണ്ടിക്കാണിച്ച ഭാഗത്തുനിന്ന് ആദ്യം ഫോണും പിന്നീട് ബാഗും ലഭിച്ചു. ബാഗിൽ സാധനസാമഗ്രികളൊന്നും ഉണ്ടായിരുന്നില്ല. 12 ദിവസം തോട്ടിൽ കിടന്ന ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. റിമാൻഡിലായിരുന്ന രാജേഷിനെ ശനിയാഴ്ച കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. സെപ്റ്റംബർ 2 വരെയാണ് പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. തെളിവെടുപ്പിന് പുറമെ വിശദമായ ചോദ്യം ചെയ്യലുമുണ്ടാകും. കൊലപാതകത്തിനും വീടിന്റെ പൂട്ട് പൊളിക്കാനും ഉപയോഗിച്ച ചുറ്റിക രാജേഷ് താമസിച്ചിരുന്ന നേര്യമംഗലത്തെ വാടകവീട്ടിൽനിന്നും പോലീസ് നേരത്തേതന്നെ കണ്ടെടുത്തിരുന്നു