
മൂവാറ്റുപുഴ: മലയാളിക്ക് ഓണസദ്യ ഉണ്ണണമെങ്കിൽ നല്ല വാഴയില വേണം. അതും തൂശനില. ഇത് നന്നായി അറിയാവുന്നവരാണ് തമിഴ് കർഷകർ. ഓണക്കാലം ആകുമ്പോൾ ഇലക്ക് ഇവർ വിലകൂട്ടും. പക്ഷേ, ഇക്കുറി ഇത്തിരി കടുപ്പത്തിലാണ് കൂട്ടിയത് -ഒറ്റയടിക്ക് മൂന്നുരൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞയാഴ്ച വരെ വാഴയിലയുടെ വില 3.50 രൂപയായിരുന്നു. അത്തം പിറന്നതോടെ വില ഇരട്ടി വർധിപ്പിച്ച് ഏഴു രൂപയാക്കി.
ഓണക്കാലം ആകുമ്പോൾ പച്ചക്കറികൾക്ക് വില വർധിപ്പിക്കുമെങ്കിലും വാഴയിലയുടെ വില വർധിപ്പിക്കാറില്ല. എന്നാൽ, നാടൻ വാഴയിലയുടെ വില കാര്യമായി വർധിച്ചിട്ടില്ല. 3.50 രൂപയായിരുന്നത് ഒരുരൂപ കൂട്ടി 4.50 രൂപയായി. തൃക്കളത്തൂർ, മാറാടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കർഷകർ നാടൻ ഇല എത്തിക്കുന്നത്. സ്ഥിരം ഇല വിൽപനക്കാരായ ഇവർ വലിയ വില വർധിപ്പിക്കാൻ തയാറല്ല. നാടൻ വാഴയിലയേക്കാൾ ഏറെ കാണാൻ കൊള്ളാവുന്നത് തമിഴ്നാട്ടിൽനിന്നുള്ളവയാണ്. ഇതുമൂലം ആവശ്യക്കാർ ഏറെയുള്ളതും തമിഴ് ഇലക്കാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് വാഴയില എത്തുന്നത്. ഇല ശേഖരിക്കാൻ മാത്രം പ്രത്യേകയിനം വാഴകൾ തമിഴ്നാട്ടിൽ കൃഷി ചെയ്യുന്നുണ്ട്.