
അരൂർ∙ ചന്തിരൂരിൽ ചരക്കിറക്കിയ ശേഷം ബോഡി താഴ്ത്താതെ ഓടിച്ചുപോകുകയായിരുന്ന ടോറസ് ലോറി സമീപത്തെ വൈദ്യുതി ലൈനിൽ കുരുങ്ങി.
ലോറി വീണ്ടും മുന്നോട്ടെടുത്തതിനാൽ ഇതിനു സമീപമുണ്ടായിരുന്ന ട്രാൻസ്ഫോമർ ഉൾപ്പെടെ നിലം പൊത്തി. ലോറി ഡ്രൈവർ എറണാകുളം സ്വദേശി സുബൈർ ചാടിയിറങ്ങിയതിനാൽ ദുരന്തം ഒഴിവായി.
പഴയ ദേശീയപാതയിൽ ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിനു മുന്നിൽ പാതയോരത്ത് സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോമറും വൈദ്യുതി ലൈനുകളുമാണു അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സംഭവം.
കുമർത്തുപടി ക്ഷേത്രത്തിനു മുന്നിലുള്ള കെട്ടിട നിർമാണ സാമഗ്രി സംഭരിക്കുന്ന യാഡിൽ മെറ്റലിറക്കി മുന്നോട്ടെടുത്ത ടോറസ് ലോറിയുടെ പിൻഭാഗം ഹൈഡ്രോളിക് സംവിധാനത്തിൽ ഉയർത്തിയ നിലയിലായിരുന്നു.
ഇതിന്റെ മുകൾഭാഗം വൈദ്യുതി കമ്പികളിൽ ഉടക്കി ലോറി മുന്നോട്ട് നീങ്ങവേ ട്രാൻസ്ഫോമർ അടക്കം റോഡിലേക്കു നിലംപൊത്തുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഡ്രൈവർ പുറത്തേക്കു ചാടി രക്ഷപ്പെട്ടു.
ട്രാൻസ്ഫോമർ തകർന്നയുടനെ എരമല്ലൂർ സബ് സ്റ്റേഷനിലെ ഫീഡർ ഓഫായതിനാൽ വൈദ്യുതി പ്രവാഹം നിലച്ചു. ഇതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം.