
കൊച്ചി ∙ കൊച്ചി കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ കനാലിലെ ഡ്രജിങ് ആരംഭിച്ചു. വീതിയേറിയ കനാലിലെ ചെളി നീക്കുന്നതു വഴി നഗരത്തിലെ വെള്ളക്കെട്ടിന് കാര്യമായ പരിഹാരമുണ്ടാവും.
ജലഗതാഗതത്തിനും ഉപയോഗിക്കും.6 മാസം കൊണ്ട് 65,000 ഘന മീറ്റർ മണ്ണ് നീക്കം ചെയ്യും.സംസ്ഥാന സർക്കാരിന്റെ ഏറ്റവും ബൃഹത്തായ പദ്ധതികളിലൊന്നാണു 3700 കോടി രൂപയിലേറെ ചെലവുള്ള കൊച്ചി കനാൽ നവീകരണ പദ്ധതിയെന്നും കൊച്ചിയുടെ മുഖഛായ മാറ്റാൻ ഇതിനു കഴിയുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
ചിലവന്നൂർ കനാലിലൂടെയുള്ള ജല ഗതാഗതത്തിനുള്ള സാധ്യത തെളിയുമെന്നും അദ്ദേഹം പറഞ്ഞു. ബണ്ട് റോഡ് പാലത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാവും.
ബണ്ട് റോഡ് ഭാഗത്ത് 500 മീറ്റർ നീളത്തിൽ കനാൽ തീരം സൗന്ദര്യവൽക്കരിക്കുന്ന ജോലികളുടെ ടെൻഡർ നടപടികളും ആരംഭിച്ചു. കനാൽ തീരത്ത് ടൂറിസം, റിക്രിയേഷൻ, ജല കായിക വിനോദം തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും.
2 ബോട്ട് ജെട്ടികൾ നിർമിക്കാനും മംഗളവനം കനാൽ വികസിപ്പിക്കാനുമുള്ള ഡിപിആർ ഇതിനോടകം സമർപ്പിച്ചിട്ടുണ്ട്.ചിലവന്നൂർ കനാലിൽ ചെളി നിറഞ്ഞതും സുഭാഷ് ചന്ദ്രബോസ് റോഡിലെ ചെട്ടിച്ചിറ കലുങ്കിന്റെ വീതി കുറവുമാണു സ്റ്റേഡിയം മുതൽ നഗരത്തിന്റെ തെക്കു ഭാഗത്തേക്കുള്ള വെള്ളക്കെട്ടിന്റെ പ്രധാന കാരണം. ചിലവന്നൂർ കനാലിന്റെ ഭൂരിഭാഗം പ്രദേശത്തിനും 300 മീറ്ററിൽ ഏറെ വീതിയുണ്ട്. ചെട്ടിച്ചിറ കലുങ്ക് പൊളിച്ചു പണിയാനുള്ള ടെൻഡറും ഉടൻ ഉണ്ടാവും.
3716.10 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെയാണു കൊച്ചിയിലെ 6 കനാലുകൾ നവീകരിച്ചു ഗതാഗത യോഗ്യമാക്കുന്നത്.