
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ ജനജീവിതം ദുസ്സഹമായി. കൊച്ചിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തൃപ്പുണിത്തുറ പേട്ടയിൽ യൂബര്‍ ടാക്സി കാര്‍ കാനയിൽ വീണു. .
ഇന്ന് രാവിലെ യാത്രക്കാരനെ ഇറക്കിയശേഷം ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെ ആണ് റോഡിനോട് ചേര്‍ന്നുള്ള കാനയിലേക്ക് കാര്‍ വീണത്. റോഡും കാനയും തിരിച്ചറിയാൻ കഴിയാത്ത വിധം സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതിനിടെ ആണ് യൂബര്‍ ഓണ്‍ലൈൻ ടാക്സി ഡ്രൈവര്‍ അപകടത്തിൽപ്പെട്ടത്. വഴിയാണെന്ന് കരുതി കാര്‍ തിരിച്ചപ്പോഴാണ് കാനയിലേക്ക് വീണത്. ഉടൻ തന്നെ ഡ്രൈവര്‍ കാറിൽ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
അതേസമയം കലൂർ, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൂടാതെ കോട്ടയത്തും ഇടുക്കിയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നുത്.
എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.