ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിന് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദുബായില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഫൈനല്‍ തുടങ്ങുക.
തോല്‍വിയറിയാതെയാണ് ടീം ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ലീഗ് മല്‍സരങ്ങളില്‍ മൂന്നിലും വിജയിച്ച് മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ തന്നെയാണ് കരുത്തര്‍. എന്നാല്‍ നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തില്‍ ന്യൂസിലന്‍ഡാണ് മുന്നില്‍.
ട്വന്റി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ഐസിസി ടൂര്‍ണമെന്റ് ഫൈനലുകളുടെ എണ്ണത്തില്‍ ഇത് ഇന്ത്യയുടെ പതിനാലാമത് മല്‍സരമാണ് ഇന്നത്തേത്. 13 ഫൈനലുകള്‍ കളിച്ച ഓസീസിനെ ഇതോടെ ഇന്ത്യ പിന്നിലാക്കി.
എന്നാല്‍ 14 ഫൈനലുകളില്‍ 6 എണ്ണം മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. മറുവശത്ത് ഓസ്‌ട്രേലിയ 13ല്‍ 10ലും വിജയികളായി. ഓസീസിന് നിലവില്‍ പത്ത് കിരീടങ്ങളുള്ളപ്പോള്‍ ഇന്ത്യക്ക് ഇതുവരെ നേടാനായത് ആറെണ്ണം മാത്രമാണ്.
2000ലാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഇതിന് മുന്‍പ് ഇന്ത്യയും ന്യൂസിലന്‍ഡും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയെ കീഴടക്കി ചാമ്പ്യന്‍മാരായ കിവികളോട് കണക്കുതീര്‍ക്കാനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
അതേ സമയം, ഐസിസി നോക്കൗട്ട് ഘട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടിയ നാലില്‍ മൂന്നു മത്സരങ്ങളിലും കിവീസാണ് ജയം കണ്ടെത്തിയത്. ഫോമിലുള്ള രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍ എന്നിവരടങ്ങിയ മികച്ച ബാറ്റിംഗ് തന്നെയാണ് കിവീസിന്റെ കരുത്ത്.
മറുവശത്ത് സ്പിന്‍ ആര്‍മിയിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന സ്പിന്‍ നിര മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ ഇതുവരെ കാഴ്ചവെച്ചിരിക്കുന്നത്. ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ ഷമി നേതൃത്വം നല്‍കുന്ന പേസ് പടയ്ക്ക് സാധിച്ചാല്‍ ഇന്ത്യയ്ക്ക് അനായാസം വിജയിക്കാം.
മഴ പെയ്യാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ കാലാവസ്ഥ മത്സരഫലത്തെ സ്വാധീനിക്കില്ല. സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ 250 റണ്‍സിന് മുകളിലുള്ള ഏത് വിജയലക്ഷ്യവും വെല്ലുവിളിയായേക്കും. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന പിച്ചിലാണ് കിരീടപ്പോരാട്ടവും നടക്കുന്നത്.