
പറവൂർ ∙ ദേശീയപാത – 66 നിർമാണത്തിന്റെ ഭാഗമായി പണിത ഫ്ലൈ ഓവറിന്റെ കുറച്ചു ഭാഗത്തെ ഇന്റർലോക്കിങ് ബ്ലോക്കുകൾ ഇടിഞ്ഞു വീണെന്നു പ്രചാരണം. എന്നാൽ, ഡിസൈനിൽ ചെറിയ വ്യത്യാസം വരുത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി ഈ ഭാഗത്തെ ബ്ലോക്കുകൾ പൊളിച്ചതാണെന്നാണ് കരാറുകാരായ ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികൃതർ പറയുന്നത്.
വഴിക്കുളങ്ങരയിൽ നിന്നു തെക്കേനാലുവഴി ഭാഗത്തേക്കു സ്ഥാപിച്ച ഫ്ലൈ ഓവറിന്റെ പടിഞ്ഞാറു ഭാഗത്തു തെക്കേനാലുവഴിക്ക് സമീപത്തെ ബ്ലോക്കുകൾ ഇടിഞ്ഞു വീണതു പോലെ റോഡിൽ കിടന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഇത്തരമൊരു കാര്യം ചെയ്യുന്നത് ആരെയും അറിയിച്ചിരുന്നില്ല.ഫ്ലൈ ഓവർ തകർന്നു വീണതാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചു.
തെക്കേനാലുവഴിക്ക് സമീപം ആറടിയോളം ഉയരത്തിൽ ബ്ലോക്കുകൾ സ്ഥാപിച്ചിരുന്നു. ഇവിടെ കൂടുതൽ ചരിവ് വേണമെന്ന തീരുമാനത്തെ തുടർന്നു 4 ദിവസങ്ങൾക്കു മുൻപാണ് ബ്ലോക്കുകൾ അപ്രോച്ച് റോഡിലേക്ക് ഇട്ടതെന്നും ഇതു ചെയ്യുന്നതിന്റെ ഭാഗമായി വലിയ വാഹനങ്ങൾ വരാതിരിക്കാൻ അപ്രോച്ച് റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നെന്നും കമ്പനി അധികൃതർ പറഞ്ഞു.