
അരൂർ ∙ അരൂർപള്ളി ജംക്ഷനിൽ മേൽപാലത്തിനു മുകളിലൂടെ പോകുന്ന 110 കെവി വൈദ്യുതി ലൈനുകൾ ഉയരപ്പാത നിർമാണത്തിനായി ഉയർത്താൻ റോഡു വക്കിൽ കുഴിയെടുക്കുന്നത് നാലുവരിപ്പാതയിൽ വൻ ഗതാഗത തടസ്സമുണ്ടാക്കുന്നു.
വൈദ്യുതി ലൈൻ കടന്നുപോകുന്നതു മൂലം ഇവിടെ മേൽപാലം നിർമാണത്തിന് അനുമതി ലഭിച്ചിട്ടില്ല. അരൂരിൽ രണ്ടിടത്താണു 110 കെവി ലൈൻ മേൽപാലത്തിനു മുകളിലൂടെ പോകുന്നത്.
അരൂർ എആർ റസിഡൻസിക്കു സമീപമാണു മറ്റൊന്ന്. ഇവിടെയും വൈദ്യുതി പോസ്റ്റുകൾ ഉയർത്തണം.
ഇതിന്റെ ഭാഗമായാണ് പള്ളി ജംക്ഷനിൽ റോഡരികിൽ താൽക്കാലിക പോസ്റ്റിടുന്നതിനു വലിയ കുഴിയെടുക്കുന്നത്.
ഇതു കാരണം കുമ്പളം പാലം കടന്ന് അരൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ പാലവും ടോളുമെല്ലാം നിരങ്ങി നീങ്ങേണ്ടി വരുന്നു. അരൂർ കരയിലെത്തിയാൽ മണിക്കൂറുകൾ നീളുന്ന കുരുക്കിലുമാകും.
അരൂർ പള്ളി ജംക്ഷനിൽ റോഡിന്റെ ഇരു ഭാഗത്തുമായി 5 താൽക്കാലിക പോസ്റ്റ് ഇട്ടാണ് 110 കെവി ലൈനുകൾ ഉയർത്തുക. ഇതിനായി റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് മേഴ്സി ആശുപത്രിക്കു മുന്നിൽ കുഴിയെടുത്തു പോസ്റ്റ് സ്ഥാപിച്ചു തുടങ്ങി. ഇതിനു പിന്നിലും താൽക്കാലിക പോസ്റ്റിടണം.
ഇപ്പോൾ പണി നടക്കുന്നത് അരൂർ ഗ്രാമീൺ സഹകരണ ബാങ്കിനു മുന്നിലാണ്. ഇതിനു കിഴക്കു ഭാഗത്ത് രണ്ടു താൽക്കാലിക പോസ്റ്റുകൾ കൂടി സ്ഥാപിക്കണം.അഞ്ചു താൽക്കാലിക പോസ്റ്റുകൾ സ്ഥാപിച്ചതിനു ശേഷമാണ് വൈദ്യുതി പ്രവാഹം നിലയ്ക്കാത്ത നിലയിൽ പഴയ 110 കെവി ലൈനുകൾ ഉയർത്തുക.
ദിവസങ്ങൾ വേണ്ടി വരുന്ന പണികളാണ് ഇതുമായി ബന്ധപ്പെട്ടുളളത്. കനത്ത മഴയും സർവീസ് റോഡിലെ വെള്ളക്കെട്ടും ഉയരപ്പാത നിർമാണ പ്രവർത്തനങ്ങളുടെ തടസ്സവും നേരിടേണ്ടി വരുന്ന യാത്രക്കാരും നാട്ടുകാരും ഈ ഓണക്കാലവും ക്ലേശം സഹിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ്.