Ernakulam News

എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കോണ്‍ക്രീറ്റ് ജനല്‍പാളി തകര്‍ന്നു വീണ് അപകടം; പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം: ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം.

സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീഴുകയായിരുന്നു. സംഭവ സമയത്ത് എട്ട് രോഗികള്‍ വാര്‍ഡിലുണ്ടായിരുന്നു. അഞ്ച് ദിവസം പ്രായമായ കുഞ്ഞ് കിടന്നിരുന്ന കട്ടിലിന് സമീപത്തായിരുന്നു കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ പതിച്ചത്.

കുഞ്ഞിന് പാല്‍ കൊടുത്ത് മാറ്റികിടത്തിയ സമയത്ത് ഒരു മിനിറ്റ് വ്യത്യാസത്തിലായിരുന്നു അപകടം നടന്നത്. ഇതു മൂലം കുഞ്ഞ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

കുഞ്ഞിനെ മാറ്റി കിടത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. അതേ സമയം, നടന്നത് സാരമായ സംഭവമല്ലെന്നും രോഗികളെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

എന്നാല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളെയും കൂട്ടിയിരുപ്പുകാരെയും ഉടന്‍ പ്രസവ വാര്‍ഡിലേക്ക് മാറ്റി. സമീപത്തെ കെട്ടിടങ്ങളുടെ പല ഭാഗത്തും ബലക്ഷയം കണ്ടെത്തിയിട്ടുണ്ടെന്നും സുരക്ഷാ വീഴ്ച പരിഹരിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *