
കൊച്ചി ∙ എറണാകുളം ജനറൽ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാർ ഉൾപ്പെടെ 5 പേർക്കു തെരുവു നായ്ക്കളുടെ കടിയേറ്റു. ഇന്നലെ പുലർച്ചെയാണു സംഭവം. പുറത്തു റോഡിൽ നിന്നു തെരുവു നായ്ക്കൾ രാത്രിയിൽ ആശുപത്രി കോംപൗണ്ടിനുള്ളിലേക്കു നുഴഞ്ഞു കയറുകയും ആളുകളെ ആക്രമിക്കുകയുമായിരുന്നു. പ്രധാന ഗേറ്റിനോടു ചേർന്ന് അത്യാഹിത വിഭാഗത്തിന്റെ ഭാഗത്തുണ്ടായിരുന്നവർക്കാണു കടിയേറ്റത്. ആശുപത്രി ജീവനക്കാർക്കും കടിയേറ്റതായി റിപ്പോർട്ടുണ്ടെങ്കിലും ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചില്ല. മഹാരാജാസ് കോളജ് ക്യാംപസിലും 2 പേരെ നായ ആക്രമിച്ചതായി പറയപ്പെടുന്നു. ഇന്നലെ രാവിലെ കോർപറേഷന്റെ ഹെൽത്ത് സ്ക്വാഡ് കോടതി വളപ്പിൽ നിന്നു നായയെ പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.മഹാരാജാസ് പരിസരത്തു കുറച്ചു ദിവസങ്ങൾക്കു മുൻപു പേവിഷ ബാധയുള്ള നായ ഒട്ടേറെ പേരെ ആക്രമിച്ചിരുന്നു. ഈ നായ പിന്നീട് ചത്തു. വീണ്ടും ഇതേ ഭാഗത്തു തന്നെയാണു തെരുവു നായയുടെ ആക്രമണം നടന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണു അക്രമകാരിയായ നായയെ കണ്ടെത്തിയത്. പേവിഷ ബാധയുടെ ലക്ഷണങ്ങളുള്ളതിനാലാണു നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ളത്. ഒരു നായയെക്കൂടി ഇവിടെ പിടികൂടാനുണ്ട്.
പുറത്തു നിന്നുള്ള തെരുവു നായ്ക്കൾ കോംപൗണ്ടിനകത്തേക്കു കയറാതിരിക്കാൻ ജനറൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്കു വടിയും കൊടുത്തു കാവലേർപ്പെടുത്തിയിരിക്കുകയാണ്. രാത്രിയിലുൾപ്പെടെ ജാഗ്രത പാലിക്കാൻ സുരക്ഷാ ജീവനക്കാർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ പറഞ്ഞു. തെരുവു നായ ശല്യത്തെ ചെറുക്കാനായി കർശനമായി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നു കോർപറേഷൻ ആരോഗ്യ സ്ഥിരസമിതി ചെയർപഴ്സൻ ടി.കെ. അഷ്റഫ് പറഞ്ഞു. പേവിഷ ബാധ സംശയിക്കുന്ന നായ്ക്കളെ പിടികൂടാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.ആളുകൾ ഭക്ഷണം നൽകുന്നതുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ തെരുവു നായ്ക്കൾ തമ്പടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 1.14 ലക്ഷം പേർക്കാണു നായ്ക്കളുടെ കടിയേറ്റത്. ഇക്കാലയളവിൽ 8 പേർ പേവിഷബാധയേറ്റു മരിക്കുകയും ചെയ്തു. നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണു കഴിഞ്ഞ വർഷമുണ്ടായത്. 22,344 പേർക്കാണു കഴിഞ്ഞ വർഷം കടിയേറ്റത്.