
കൊച്ചി: അടപ്രഥമനും പാൽപായസവും പൈനാപ്പിൾ പായസവുമുൾപ്പെടെ മൂന്നുകൂട്ടം പായസം, സാമ്പാറും രസവും പുളിശ്ശേരിയും പരിപ്പുകറിയും ഇഞ്ചിക്കറിയും മാങ്ങ അച്ചാറും വേറെ, ശർക്കര വരട്ടിയും ചിപ്സുമുണ്ട്, കുത്തരിച്ചോറും പപ്പടവും ഞാലിപ്പൂവൻ പഴവും സെറ്റ്, ഇതെല്ലാം ഇട്ടു കഴിക്കാനായി വാഴയിലയുമുണ്ട്… പറഞ്ഞുവരുന്നത് ഇൻസ്റ്റന്റ് ഓണസദ്യയെക്കുറിച്ചാണ്. പച്ചക്കറി അരിഞ്ഞ് വിവിധ തരം വിഭവങ്ങളൊരുക്കിയും പായസമുണ്ടാക്കിയുമെല്ലാം നേരം കളയാനില്ലാത്തവർക്കായി ഇത്തവണയും പാർസൽ ഓണസദ്യയൊരുക്കി ഹോട്ടലുകളും സ്ഥാപനങ്ങളും കാത്തിരിപ്പുണ്ട്.
ഹോട്ടലുകളിൽനിന്നുള്ള പാർസൽ മാത്രമല്ല, ചില ഭക്ഷ്യോൽപന്ന കമ്പനികൾ റെഡി ടു ഈറ്റ് പാക്കുകളിലും ഓണസദ്യ വിപണിയിലെത്തിക്കുന്നുണ്ട്. ഒരാൾക്ക്, രണ്ടുപേർക്ക് എന്നിങ്ങനെയുള്ള പാക്കറ്റുകളിലാണ് വിൽപന. ഒരുകിലോ ചോറും 400 ഗ്രാം വീതം പാലട, അടപ്രഥമൻ എന്നിവയുമുള്ള ജംബോ പാക്കറ്റിന് 2000 രൂപ വരെ നൽകണം.
സദ്യയിലെ വിഭവങ്ങൾക്കും ഹോട്ടലിന്റെ പെരുമക്കുമനുസരിച്ച് വിലയിൽ കാര്യമായ മാറ്റം ഉണ്ടാവും. രണ്ടുപേർക്ക് വാഴയില ഉൾപ്പെടെ 29 ഐറ്റം കിട്ടുന്ന ഓണസദ്യക്ക് 1998 രൂപയും കൂടാതെ ജി.എസ്.ടിയും ഇടാക്കുന്ന റസ്റ്റാറന്റുകൾ വരെയുണ്ട്. ഒരുപാട് വിഭവങ്ങൾ വേണ്ട, മിനിമൽ രീതിയിൽ മതിയെന്നു കരുതുന്നവർക്കായി കുറേക്കൂടി കുറഞ്ഞ നിരക്കിൽ മിനിസദ്യ ഒരുക്കുന്നവരുമുണ്ട്. ഇനി ചോറും പഴവും പപ്പടവുമൊന്നുമില്ലാതെ കറിവിഭവങ്ങൾ മാത്രം മതിയെങ്കിൽ അങ്ങനെയും ചിലയിടങ്ങളിൽ കിട്ടും.
സദ്യയും സാമ്പാറുമൊന്നും വേണ്ട, പായസം മാത്രം മതിയെങ്കിൽ അതും കിട്ടും. ഹോട്ടലുകളിൽ മാത്രമല്ല, ഓണമടുത്തതോടെ ചെറിയ സ്റ്റാളുകൾ ഇട്ടും പായസവിൽപന സജീവമായി നടക്കുന്നുണ്ട്. ഇനി വീട്ടിൽ കൊണ്ടുവന്ന് കഴിക്കണ്ടാ, ഹോട്ടലിൽ പോയി കഴിക്കാമെന്നു കരുതുന്നവർക്ക് അങ്ങനെയുമാവാം. നഗരത്തിലെ പ്രമുഖ ഹോട്ടലുകളിലെല്ലാം ഓണസദ്യ റെഡിയാണ്. സാധാരണ ദിവസങ്ങളിലേക്കാൾ സദ്യക്ക് വിലയൽപം കൂടുമെന്ന് മാത്രം. വിവിധയിടങ്ങളിൽ ശാഖകളുള്ള പ്രമുഖ വെജ് റസ്റ്റാറന്റിൽ സാധാരണ ദിവസം 210 രൂപക്ക് കിട്ടുന്ന സദ്യക്ക് അത്തം മുതൽ ഉത്രാടം വരെ 350 രൂപയാണ്. തിരുവോണ നാളിൽ ഇതിലും കൂടും; 450 രൂപ.ഹോട്ടലുകളിൽ മാത്രമല്ല, കാറ്ററിങ് യൂനിറ്റുകളും ഓണസദ്യ പ്രീ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി പണമടക്കാനും വാട്സ്ആപ്പിൽ ഓർഡർ ചെയ്യാനും സൗകര്യമുണ്ട്. ഓണനാളിലെ തിരക്കുകളിൽ സദ്യ ഒരുക്കാനാവാത്ത നിരവധി പേരാണ് ഇത്തരത്തിൽ ബുക്കിങ് നടത്തിയിട്ടുള്ളത്.