
അങ്കമാലി ∙ ദേശീയപാതയിലെ ബാങ്ക് ജംക്ഷനിൽ കനത്ത അപകടാവസ്ഥ. ഒരു നിയന്ത്രണങ്ങളുമില്ലാതെയാണ് ഇവിടെ വാഹനങ്ങൾ പായുന്നത്. ദേശീയപാതയുടെ ഇരുനിരകളിലൂടെയും അതിവേഗത്തിലാണ് വാഹനങ്ങൾ പോകുന്നത്.
അതിനിടയിലൂടെ എൻഎച്ച് ലിങ്ക് റോഡിൽ നിന്നു ബസിലിക്ക പള്ളി റോഡിലേക്കും തിരികെയും വാഹനങ്ങൾ കടക്കുന്നു. എൻഎച്ച് ലിങ്ക് റോഡിൽ നിന്ന് ടൗണിലേക്കു യു ടേൺ തിരിയാനും കാത്തുനിൽക്കുന്ന വാഹനങ്ങൾ.
ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന ജംക്ഷനാണിത്. 5 വർഷം മുൻപു സംഭവിച്ചതുപോലെയുള്ള അപകടങ്ങൾ ഇനിയും ഉണ്ടാകുമോയെന്ന ഭീതിയിലാണ് ജനം.
2019 നവംബർ 25നു ബസും ഓട്ടോറിക്ഷയും ഇടിച്ച് ബാങ്ക് ജംക്ഷനിൽ 4 പേരാണു മരിച്ചത്. ബാങ്ക് ജംക്ഷനിൽ നിന്ന് ബസിലിക്ക പള്ളി റോഡിലേക്ക് ഓട്ടോറിക്ഷ കടക്കുന്നതിനിടെ മൂക്കന്നൂർ മഞ്ഞിക്കാടിനു പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു
. നിയന്ത്രണം വിട്ട ബസ് ഓട്ടോറിക്ഷയെ മുന്നോട്ടു വലിച്ചുകൊണ്ടുപോയി. ഇടതുവശത്തെ കടകളിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. ബസിന്റെ മുൻചക്രങ്ങൾക്ക് അടിയിൽപെട്ട്, ഓട്ടോയിലുണ്ടായിരുന്ന നാലുപേരും തൽക്ഷണം മരിച്ചു.