
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം. കോതമംഗലം നേര്യമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി തൂക്കുപാലം സ്ഥിതി ചെയ്യുന്നത്.
ഈ പാലത്തിന് 182 മീറ്റർ നീളവും 1.5 മീറ്റർ വീതിയും ജലാശയത്തിൽ നിന്ന് 200 മീറ്ററോളം ഉയരവുമുണ്ട്. 2012 ൽ ഈ പാലം പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്തിൻ്റെ ഇഞ്ചത്തോട്ടി 13-ാം വാർഡ് നിവാസികൾക്ക് വേണ്ടി ഗവണ്മെൻ്റ് നിർമ്മിച്ച് നൽകിയിട്ടുള്ളതാണ് ഈ പാലം.
കേരള സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ അലൈഡ് ആൻഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡാണ് (KEL) പാലത്തിൻ്റെ രൂപകല്പനയും നിർമാണവും നടത്തിയത്. മുൻപ് ഇവിടെ ഉള്ളവരുടെ ഏക ആശ്രയം വള്ളം മാത്രമായിരുന്നു.
സിനിമാ ലൊക്കേഷൻ, വെഡിങ് ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം എന്നിവയിലൂടെയെല്ലാം ഇഞ്ചത്തൊട്ടി എല്ലാവർക്കും പരിചിതമായ സ്ഥലമാണ്. പെരിയാർ നദിയുടെ തീരത്തുള്ള ഈ ചെറിയ ഗ്രാമം ഇന്ന് സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ്.
ഈ പാലത്തിലൂടെയുള്ള യാത്ര വളരെ രസകരമാണ്. 40 ആളിൽ കൂടുതൽ ഒരേ സമയത്ത് പാലത്തിൽ കയറാൻ പാടില്ല. പെരിയാറിലൂടെയുള്ള കയാക്കിങ് ഇവിടുത്തെ പ്രധാന ആകർഷണമാണ്.
ഗ്രൂപ്പായിട്ടും ഒറ്റയ്ക്കും കയാക്കിങ് നടത്താം. ലൈഫ് ജാക്കറ്റടക്കം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് കയാക്കിങ് നടത്തുന്നത്.