ഇരിങ്ങാലക്കുട: അനുദിനം തകർന്നു കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട കെ എസ് ആർ ടി സി അടച്ചു പൂട്ടലിന്റെ വക്കിലെത്തി നിൽക്കുകയാണെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. ഇരിങ്ങാലക്കുട കെ എസ് ആർ ടി സിയുടെ നിലനിൽപ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കെ എസ് ആർ ടി സി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലത്തിന്റെ പടിഞ്ഞാറൻ മേഖലയുടെ വികസനം കൂടി കണക്കിലെടുത്താണ് താൻ എം എൽ എ ആയിരിക്കെ ഇവിടെ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയത്. ഓപ്പറേറ്റിംഗ് സെന്ററായിരുന്ന ഇതിനെ സബ് ഡിപ്പോയാക്കി ഉയർത്തുകയും എ ടി ഒ യെ നിയമിക്കുകയും ചെയ്തു. എം എൽ എ ഫണ്ട് ഉപയോഗിച്ച് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ്, കാത്തിരിപ്പു കേന്ദ്രം, ഓഫിസ് കോംപ്ലക്സ് എന്നിവയുടെ നിർമാണം, യാർഡിന്റെ നവീകരണം, എന്നിവ നടത്തി. കേരളത്തിനകത്തേക്കും പുറത്തേക്കുമായി 29 സർവീസുകൾ ഇക്കാലയളവിൽ സ്ഥിരമായി ഇവിടെ നിന്നുമുണ്ടായിരുന്നു. കൂടാതെ നാലമ്പല തീർത്ഥാടനം പോലെയുള്ള വിശേഷ അവസരങ്ങളിൽ പ്രത്യേക സർവീസുകളും ഉണ്ടായിരുന്നു. തനിക്ക് ശേഷം വന്ന ജനപ്രതിനിധികളുടെ താല്പര്യക്കുറവും അലംഭാവവുമാണ് ഇപ്പോഴത്തെ തകർച്ചക്ക് കാരണമെന്നും ഇതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗുഢാലോചനയുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഉണ്ണിയാടൻ പറഞ്ഞു.
പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, സിജോയ് തോമസ്,, പി.ടി. ജോർജ്, സേതു മാധവൻ, എബിൻ വെള്ളാനിക്കാരൻ, മാഗി വിൻസെന്റ്, ഫിലിപ്പ് ഒളാട്ടുപുറം, തുഷാര ഷിജിൻ, അജിത സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ
ഇരിങ്ങാലക്കുട കെ എസ് ആർ ടി സിയുടെ നിലനിൽപ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കെ എസ് ആർ ടി സി ഓഫിസിനു മുന്നിൽ നടത്തിയ ധർണ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്യുന്നു.