
പെരുമ്പാവൂർ ∙ കാത്തിരിപ്പിനു വിരാമം. എംസി റോഡിൽ പുല്ലുവഴി ഡബിൾ പാലത്തിലൂടെ നാളെ മുതൽ ഗതാഗതം ഭാഗമായി പുനരാരംഭിക്കും.
ഡബിൾ പാലം ഒറ്റപ്പാലമാക്കുന്ന പ്രവൃത്തി അവസാന ഘട്ടമായതിനാൽ റോഡും പാലവും ബലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണു പാലം തുറന്നു കൊടുക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
രായമംഗലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന എംസി റോഡിൽ പുല്ലുവഴി ഭാഗത്തുള്ള തായ്കരച്ചിറ പാലം 2 പ്രത്യേക പാലങ്ങളായാണു പണിതിട്ടുള്ളത്.
പഴയ പാലം ഉയരം കുറവായതിനാൽ അപകടങ്ങൾ നിത്യ സംഭവമായിരുന്നു. ഇതിനെ തുടർന്നാണ് 2 പാലങ്ങളും ചേർത്ത് ഒറ്റപ്പാലമാക്കണമെന്ന ആവശ്യമാണ് യാഥാർഥ്യമാകുന്നത്.
ഒന്നര വർഷത്തെ കാലാവധിയോടു കൂടി അലക്സാണ്ടർ സേവ്യർ എന്ന കരാറുകാരനുമായി കരാർ ഒപ്പുവച്ച പ്രവൃത്തി 6 മാസം കൊണ്ട് അവസാന ഘട്ടത്തിൽ എത്തി. മഴ മാറിയാൽ അവസാനഘട്ട ജോലിയായ ബിഎംബിസി ടാറിങ് ജോലികൾ കൂടി പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചു.