
കളമശേരി∙ എച്ച്എംടി ജംക്ഷനിലും റോഡിലും വാഹനങ്ങളുടെ പാർക്കിങ്ങിനെച്ചൊല്ലി പൊലീസും കച്ചവടക്കാരും തമ്മിലുള്ള തർക്കം സംഘർഷാവസ്ഥയിലെത്തി.
രാവിലെ റോഡരികിൽ ഇരുവശവും പാർക്ക് ചെയ്തിരുന്ന എല്ലാ വാഹനങ്ങൾക്കും ഇടപ്പള്ളി ട്രാഫിക് ഇൻസ്പെക്ടറുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പിഴ ചുമത്തി.
ഇവയിൽ കച്ചവട സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വന്നവരുടെ വാഹനങ്ങളും ഉൾപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ റോഡിൽ വാഹനങ്ങൾ നിർത്താനും അനുവദിച്ചില്ല. മുപ്പതോളം വാഹനങ്ങൾക്ക് പൊലീസ് സംഘം പിഴയിട്ടു.
ഇതു വ്യാപാരികളും കൗൺസിലർമാരായ ബഷീർ അയ്യമ്പ്രാത്ത്, നെഷീദ സലാം, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് എന്നിവരും വാഹന ഉടമകളും ചോദ്യം ചെയ്തു.
അനധികൃതമായി റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്തുമെന്നും പിന്നോട്ടില്ലെന്നും ഇൻസ്പെക്ടർ അറിയിച്ചു. തർക്കം സംഘർഷത്തിലേക്കും നീണ്ടു.
പൊലീസ് സംഘം മടങ്ങിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. എച്ച്എംടി ജംക്ഷനിൽ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തിയ കഴിഞ്ഞവർഷം ഒക്ടോബർ 2 മുതൽ കച്ചവടക്കാരും വാഹന ഉടമകളും പൊലീസ് നടപടികൾ നേരിടുകയാണ്.