
കളമശേരി ∙ ആലുവയിൽ നിന്നു കൊച്ചിയിലേക്കു ശുദ്ധജലമെത്തിക്കുന്ന 1200 എംഎം (48 ഇഞ്ച്) എംഎസ് പൈപ്പിലെ ചോർച്ച പരിഹരിച്ചു.
പൈപ്പുകൾ യോജിപ്പിച്ചിരുന്ന ഭാഗം വീണ്ടും വിളക്കിച്ചേർത്തു. ബുധനാഴ്ച വൈകിട്ട് 4.30ന് പമ്പിങ് നിർത്തിവച്ചാണു ജോലികൾ ആരംഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ജോലികൾ പൂർത്തിയായി.
പൈപ്ലൈൻ റോഡിൽ മുതലക്കുഴിക്കു സമീപത്തു 4 ദിവസം മുൻപാണു ചോർച്ച കണ്ടെത്തിയത്. ഈ പൈപ്പിനു സമീപത്തു കരിങ്കൽ കെട്ടിനിടയിലൂടെ വൻതോതിൽ വെള്ളം ചോരുന്നതു പാടശേഖരത്തിൽ കന്നുകാലികളെ കെട്ടാൻ പോയവരാണ് കണ്ടെത്തി വാട്ടർ അതോറിറ്റിയെ അറിയിച്ചത്.
വിശാലകൊച്ചി പ്രദേശങ്ങളിലേക്കു ശുദ്ധജലമെത്തിക്കുന്ന ഹഡ്കോ പൈപ്പാണ് പൊട്ടിയത്. ഭൂമിയ്ക്കടിയിൽ 2 മീറ്ററോളം താഴ്ചയിലാണ് ഇവിടെ പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്.
ആലുവ പ്ലാന്റിൽ ഷട്ട് ഡൗൺ ജോലികൾക്കു അടച്ചിടുന്ന ദിവസം പൈപ്പിലെ ചോർച്ച അടയ്ക്കാനായിരുന്നു അധികൃതരുടെ തീരുമാനം. ചോർച്ച ബുധനാഴ്ച രാവിലെ വലുതായി. വൻതോതിൽ വെള്ളം പാഴായി. ചോർച്ച വലുതായതോടെ അധികൃതർക്കു തീരുമാനം മാറ്റേണ്ടിവന്നു. ബുധനാഴ്ച വൈകിട്ട് പമ്പിങ് നിർത്തിവച്ച് അറ്റകുറ്റപ്പണികൾ തുടങ്ങുകയായിരുന്നു.