
ആലുവ: പൂട്ട് തല്ലിപ്പൊളിച്ച് കടക്കകത്ത് കയറിയ കള്ളൻ അടിച്ചുമാറ്റിയത് 30 കുപ്പി വെളിച്ചെണ്ണ. തോട്ടുമുഖം പാലത്തിനടുത്തുള്ള അയ്യൂബിന്റെ കടയിൽനിന്നാണ് 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണ മോഷണംപോയത്. ചാക്കിലാക്കിയാണ് വെളിച്ചെണ്ണക്കുപ്പികൾ കടത്തിയത്.
തിരിച്ചറിയാതിരിക്കാൻ കടയിലെ സിസിടിവി കേബിൾ മുറിച്ചിരുന്നു. പക്ഷെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കടയുടെ പിൻഭാഗത്തെ തറ തുരന്ന് കയറാനാണ് ആദ്യം ശ്രമിച്ചത്.
ഇത് പരാജയപ്പെട്ടതിനാൽ പൂട്ട് തകർത്താണ് അകത്ത് കയറിയത്. കടയിൽനിന്ന് ചാക്ക് എടുത്താണ് വെളിച്ചെണ്ണ കുപ്പികൾ കടത്തിയത്. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ശീതളപാനീയം കുടിക്കുകയും ചെയ്തു.
നാല് കുപ്പി വെളിച്ചെണ്ണയാണ് കടയിൽ ബാക്കിവെച്ചത്. 10 പാക്കറ്റ് പാൽ, ഒരു പെട്ടി ആപ്പിൾ എന്നിവയും കവർന്നിട്ടുണ്ട്.