
അങ്കമാലി ∙ കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിൽ മിന്നൽ ചുഴലി.അപ്രതീക്ഷിതമായി ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വൻനാശനഷ്ടം.2 വീടുകൾ പൂർണമായും നശിച്ചു. പത്തിലേറെ വീടുകൾക്കു ഭാഗികമായും നാശനഷ്ടമുണ്ടായി. കാർഷികമേഖലയിലാണു ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. വലിയശബ്ദത്തോടെയും പൊടിപടലങ്ങൾ ആകാശത്തേക്ക് വട്ടത്തിൽ ഉയർത്തിയുമാണു കാറ്റ് വീശിയത്. കാറ്റിൽ മരങ്ങൾ കടപുഴകി വീണു.മരങ്ങൾ വീണ് വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. വൈദ്യുതക്കാലുകൾ മറിഞ്ഞുവീണു. ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു ചുഴലിക്കാറ്റ് വീശിയത്.
2 മിനിറ്റ് മാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റിൽ വൻകൃഷിനാശമുണ്ടായി.കറുകുറ്റി പഞ്ചായത്തിലെ 13–ാം വാർഡിൽ എസ്ഡി കോൺവന്റിനു സമീപത്തു നിന്നു തുടങ്ങി കിഴക്കോട്ടേക്ക് വീശി ഞാലൂക്കര ഓഞ്ഞാടം ക്ഷേത്രത്തിനു സമീപത്ത് മൂക്കന്നൂർ പഞ്ചായത്തിലേക്കു കടന്നു.കരിയിലകൾ വട്ടം കറങ്ങി മുകളിലേക്കുയർന്നു. കൂട്ടാല ക്ഷേത്രം വരെയുള്ള ഭാഗം വരെ ഏകദേശം 200 മീറ്റർ വീതിയിലാണു ചുഴലിക്കാറ്റ് വീശിയത്. കാറ്റ് വീശിയ ഭാഗത്തെ ചെറുമരങ്ങൾ ഉൾപ്പെടെ കാറ്റിൽ നിലംപൊത്തി. വൈദ്യുതക്കാലുകൾ ഒടിഞ്ഞുവീണതിനാൽ പലയിടത്തും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കറുകുറ്റി പഞ്ചായത്തിലെ 14,15 വാർഡുകളിലും മൂക്കന്നൂർ പഞ്ചായത്തിലെ എട്ടാം വാർഡിലുമാണ് കാറ്റ് നാശം വിതച്ചത്.