
അങ്കമാലി ∙ എറണാകുളം ബൈപാസിന്റെ (കുണ്ടന്നൂർ ബൈപാസ്) തുടർ നടപടികൾ സുഗമമായി മുന്നോട്ടുനീങ്ങണമെങ്കിൽ പാതയുടെ പുതിയ ഡിപിആറിന് അനുമതി ലഭിക്കണം.
മലപ്പുറം ജില്ലയിൽ ഉൾപ്പെടെ ദേശീയപാതയ്ക്കു തകരാർ സംഭവിച്ചതിനെ തുടർന്നു പുതിയ നിർമാണ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കണമെന്നു ദേശീയപാത അതോറിറ്റി നിർദേശിച്ചിരുന്നു.
ഇതോടെ പലയിടങ്ങളിലും പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന കുണ്ടന്നൂർ ബൈപാസിനും പുതിയ ഡിപിആർ തയാറാക്കേണ്ടി വന്നു. പുതിയ ഡിപിആറിന് അനുമതി ലഭിച്ചതിനു ശേഷമേ ഇനി ത്രിഡി വിജ്ഞാപനം ഇറങ്ങാൻ സാധ്യതയുള്ളുവെന്നാണു ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
പാതയുടെ ഡിപിആർ, ത്രിഎ വിജ്ഞാപനത്തിലെ നടപടികൾ അന്തിമഘട്ടത്തിൽ ആയതിനാൽ താമസമില്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ത്രിഡി വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമാണു റോഡിന്റെ അന്തിമ അലൈൻമെന്റ് സംബന്ധിച്ചു വ്യക്തത വരികയുള്ളു.
റോഡിന്റെ നിലവിലെ അവസ്ഥ, ഭാവിയിലെ ഗതാഗതത്തിന്റെ വളർച്ച,അലൈൻമെന്റ്, ടോപ്പോഗ്രഫിക് സർവേ, ഡ്രോൺ മാപ്പിങ്, മണ്ണിന്റെ സ്വഭാവം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിശദപദ്ധതിരേഖയിൽ ഉൾപ്പെടേണ്ടതുണ്ട്. ഡിപിആർ പൂർത്തിയാക്കി അനുമതിക്കു സമർപ്പിക്കാതിരുന്നതും ത്രിഡി വിജ്ഞാപനം യഥാസമയം ഇറങ്ങുന്നതിനു തടസ്സമായിട്ടുണ്ട്.നേരത്തെ മണ്ണിട്ടു നികത്തി പാത നിർമിക്കാൻ നിശ്ചയിച്ചിരുന്ന ഭാഗങ്ങളിൽ പലതും എലിവേറ്റഡ് ഹൈവേയാക്കി മാറ്റിയിട്ടുണ്ട്. വൻ വെള്ളക്കെട്ട് പാതയുടെ സർവേ നടപടികൾ പലയിടത്തും തടസ്സപ്പെടുത്തിയിരുന്നു.