
മൂവാറ്റുപുഴ∙ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ബിഎംബിസി നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ കക്കടാശേരി – കാളിയാർ, മൂവാറ്റുപുഴ- തേനി റോഡുകളിൽ ജീവനുകൾ പൊലിയുന്നു.
ഇന്നലെ പതിനൊന്നു വയസ്സുകാരൻ കാശിനാഥ് ഉൾപ്പെടെ 13 പേരാണ് രണ്ടു റോഡുകളിലുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത്. ദിവസേന അപകടങ്ങൾ പതിവായതോടെ ഇവിടെ പരിശോധനയ്ക്ക് എത്തിയ സംഘം അപാകതകൾ കണ്ടെത്തിയെങ്കിലും ഇതു പരിഹരിക്കാൻ ഫണ്ടില്ലെന്നും പറഞ്ഞു മടങ്ങുകയായിരുന്നു.
റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 155 കോടി രൂപ ചെലവഴിച്ചാണ് കക്കടാശേരി – കാളിയാർ, മൂവാറ്റുപുഴ – തേനി റോഡുകളുടെ നിർമാണം നടത്തിയത്. ശരാശരി 1 കിലോമീറ്റർ റോഡ് നിർമാണത്തിനായി സർക്കാർ ചെലവഴിച്ചത് 3.5 കോടി രൂപയാണ്.
ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്തെങ്കിലും വളവുകൾ നിവർത്താതെ, കുന്നുകളുടെ ഉയരം കുറയ്ക്കാതെ റോഡ് നിർമിച്ചതാണ് അപകടങ്ങൾ വർധിക്കാൻ കാരണം. അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പു നൽകാൻ റോഡ് സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല.
റോഡിൽ കുത്തനെയുള്ള കുന്നുകളും വളവുകളും കാരണം യാത്രക്കാർക്ക് എതിരെ വരുന്ന വാഹനങ്ങൾ കാണാത്ത സ്ഥിതിയാണുള്ളത്. കൃത്യമായി അപകട സൂചന ബോർഡുകൾ സ്ഥാപിക്കാത്തതും സീബ്ര ലൈനുകളും റിഫ്ലക്ടറുകളും ഡിവൈഡറുകളും ഇല്ലാത്തതും അപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്.
കോടികൾ ചെലവഴിച്ച് നിർമിച്ച റോഡുകളിൽ അപകടങ്ങൾ തുടർച്ചയായ സാഹചര്യത്തിൽ നിർമാണത്തിലെ അപാകത പരിഹരിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം ആവശ്യപ്പെട്ടു. വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന പോത്താനിക്കാട്, പൈങ്ങോട്ടൂർ , കടവൂർ കവലകളിൽ ട്രാഫിക് പൊലീസിന്റെ സേവനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു