
കൊച്ചി: എല്ലാവരും സ്വന്തം വാഹനങ്ങളുമായി നഗരത്തിലേക്കിറങ്ങുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് എവിടെ പാർക്ക് ചെയ്യുമെന്നത്. അതുകൊണ്ട് തന്നെ റോഡ് അരികിലും നടപ്പാതകളിലും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നവരാണ് അധികവും. ഇത്തരത്തിലുള്ള പാർക്കിങ് നഗരത്തിലെ ട്രാഫിക്കിനെയും കാൽനടക്കാരെയും ബുദ്ധിമുട്ടില്ലാക്കുന്നതും സ്ഥിരം കാഴ്ചയാണ്.
എന്നാൽ, നഗരത്തിലെ പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) പുതിയ സ്മാർട്ട് പാർക്കിങ് മാനേജ്മെന്റ് സൊല്യൂഷൻ പദ്ധതി. കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്കുവേണ്ടി (കെ.എം.ടി.എ) സി.എസ്.എം.എല്ലിന്റെ സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് വർഷത്തെ പരിപാലനച്ചെലവ് ഉൾപ്പെടെ 4.41 കോടി ചെലവ് വരുന്ന പദ്ധതി സെപ്റ്റംബർ മുതൽ ട്രയൽ റൺ ആരംഭിക്കും.
പദ്ധതി വിജയകരമായി പ്രവർത്തനം തുടങ്ങിയതിനുശേഷം പാർക്കിങ് സ്ലോട്ടുകൾ പ്രീബുക്ക് ചെയ്യുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷനും സി.എസ്.എം.എൽ പുറത്തിറക്കും. അപ്ലിക്കേഷൻവഴി വണ്ടിയുമായി വീട്ടിൽനിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ എവിടെ എത്ര സ്ലോട്ടുകൾ ലഭ്യമാണെന്ന് അറിയാനും ഓൺലൈനായി ബുക്ക് ചെയ്യാനും സൗകര്യമൊരുങ്ങും.
പാർക്കിങ്ങുമായി നേരിടുന്ന പ്രശ്നങ്ങൾ ഇതിലൂടെ ഒഴിവാകുമെന്ന് സി.എസ്.എം.എൽ അധികൃതർ അഭിപ്രായപ്പെട്ടു. കൂടാതെ ആപ്പ് വഴി പാർക്കിങ് ഏരിയ നടത്തുന്നവർക്ക് വാഹനങ്ങളുടെ എണ്ണവും വരുമാനവും അടക്കം രേഖപ്പെടുത്തിയ പ്രതിമാസ റിപ്പോർട്ടും ലഭിക്കും. പദ്ധതി ആരംഭിച്ചതിനുശേഷം തിരക്ക് ഉണ്ടാകുന്ന സമയം മനസ്സിലാക്കാനും അതിനനുസരിച്ച് സൗകര്യം മെച്ചപ്പെടുത്താനും ആപ്പ് സഹായകരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
പാർക്കിങ് ഏരിയകൾ
തെരഞ്ഞെടുത്ത 15 മെട്രോ സ്റ്റേഷനുകളിലും ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ), ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി), കൊച്ചി മുനിസിപ്പൽ കോർപറേഷൻ എന്നിവയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും ഉൾപ്പെടെ 30 ഇടത്താണ് പാർക്കിങ് സൗകര്യം ഒരുങ്ങുന്നത്. എല്ലാ പാർക്കിങ് ഏരിയകളിൽനിന്നും ഏകദേശം 2000ത്തോളം വണ്ടികൾ പാർക്ക് ചെയ്യാനുള്ള സ്വകര്യമുണ്ടാകും.
പാർക്കിങ് ഏരിയകൾ (ലഭ്യമാകുന്ന സ്ലോട്ടുകൾ)
മറൈൻഡ്രൈവ് ഗ്രൗണ്ട് (800), ആലുവ മെട്രോ സ്റ്റേഷന്റെ ഇരുവശം (124), വടക്കേകോട്ട മെട്രോ സ്റ്റേഷൻ (113), ദർബാർ ഗ്രൗണ്ട് (106), എറണാകുളം ബോട്ട്ജെട്ടി (83), എറണാകുളം മാർക്കറ്റ് (82), തൃപ്പൂണിത്തുറ ടെർമിനൽ മെട്രോസ്റ്റേഷൻ (68), തൈക്കൂടം മെട്രോ സ്റ്റേഷൻ (66), സൗത്ത് റെയിൽവേ സ്റ്റേഷൻ (58), എം.ജി റോഡ് (50), പേട്ട മെട്രോ സ്റ്റേഷൻ (49), കളമശ്ശേരി മെട്രോ സ്റ്റേഷൻ (40).
ഒരുക്കുന്നത് ആധുനിക സൗകര്യം
വണ്ടികളുടെ പ്രവേശനവും പുറത്തിറങ്ങലും മനസ്സിലാക്കാനുള്ള ഓട്ടാമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനേഷൻ (എ.എൻ.പി.ആർ) കാമറകൾ എല്ലാ പാർക്കിങ് ഏരിയയിലും ഘടിപ്പിക്കും. ഇതുവഴി വണ്ടികൾ പാർക്ക് ചെയ്ത സമയവും അതിനനുസരിച്ച് പി.ഒ.എസ് മെഷീൻ ഉപയോഗിച്ച് ബില്ലും തയാറാക്കാൻ സാധിക്കും. കൂടാതെ പ്രവേശനകവാടത്തിൽ ബൂം ബാരിയറും പാർക്കിങ് സ്ലോട്ടുകൾ അറിയാൻ പ്രത്യേക കാമറകളും സ്ഥാപിക്കും. പാർക്കിങ്ങിന് ലഭ്യമായ സ്ലോട്ടുകൾ പ്രദർശിപ്പിക്കുന്ന എൽ.ഇ.ഡി സ്ക്രീനും എല്ലാ പാർക്കിങ് ഏരിയയിലും ഉണ്ടാകും.