
കൊച്ചി: പെരുമ്പാവൂർ താലൂക്കാശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണു. പേവാർഡിൽ കിടത്തി ചികിത്സിക്കുന്ന മുറിയുടെ മേൽക്കൂരയിലെ കോൺക്രീറ്റാണ് ഇളകി വീണത്.
അപകടസമയം രോഗികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാലപ്പഴക്കം ചെന്ന കെട്ടിടമാണെങ്കിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ട്. ഈ കെട്ടിടത്തിൽ രണ്ട് നിലകളിലായി 12 മുറികളാണുള്ളത്. ഗ്രൗണ്ട് ഫ്ലോറിലെ എ വൺ മുറിയുടെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്.
അപകടം നടക്കുന്നതിന് തൊട്ടുമുൻപാണ് ഇവിടെ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയത്. ഇതേ പേ വാർഡിന്റെ മറ്റു ചില ഭാഗങ്ങളിലും കോൺക്രീറ്റ് ഇളകിയ നിലയിലാണ്.
കിടത്തി ചികിത്സയുള്ള മറ്റു മുറികളിലെയും അവസ്ഥയും ഇതുതന്നെയാണെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിനു പിന്നാലെ മുറി അടച്ചുപൂട്ടിയെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.