
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞു വീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ തുടരുന്നു. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
കഴിഞ്ഞ ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷ് കേശവ് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞുവീണത്.
ഉടൻ തന്നെ ലേക്ക്ഷോർ ആശുപത്രിയിൽ എത്തിച്ച രാജേഷിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തെ ഇപ്പോൾ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹൃദയധമനികളിൽ രക്തയോട്ടം നിലച്ചതാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക നിഗമനം.
ഡിസ്നി, സ്റ്റാർ, സൺ, സീ നെറ്റ്വർക്കുകൾ തുടങ്ങി വിവിധ പ്രമുഖ ചാനലുകളിൽ അവതാരകനായി ശ്രദ്ധേയനായ വ്യക്തിയാണ് രാജേഷ് കേശവ്. സിനിമകളുടെ പ്രൊമോഷൻ ഇവന്റുകളിലും അദ്ദേഹം സജീവസാന്നിധ്യമാണ്.