
ആലുവ: കാൽ നൂറ്റാണ്ടായി മുറുകെപിടിക്കുന്ന ജൈവ കർഷക പാരമ്പര്യത്തിന് അംഗീകാരമായി റംലത്ത് അൽ ഹാദിന് മികച്ച ജൈവ കർഷക അവാർഡ്. അഞ്ചേക്കറോളം സ്ഥലത്ത് സമ്മിശ്ര കൃഷി ചെയ്ത് വിജയഗാഥ രചിച്ച വീട്ടമ്മക്കാണ് സംസ്ഥാന സർക്കാറിന്റെ ഉന്നത കാർഷിക പുരസ്കാരം ലഭിച്ചിരിക്കുന്നത്.
ഇതിനകം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ ആദരവ് ലഭിക്കുന്നത് ആദ്യമായാണ്. എടത്തല എം.ഇ.എസ് ഓർഫനേജിന് സമീപം താമസിക്കുന്ന, എറണാകുളം ബ്രോഡ് വേയിലെ പലചരക്ക് വ്യാപാരിയായ അൽ ഹാദിന്റെ ഭാര്യയായ റംലത്ത് സ്വന്തം പുരയിടത്തിലാണ് കൃഷി ചെയ്യുന്നത്.
53കാരിയായ റംലത്ത് പച്ചക്കറി, പഴവർഗങ്ങൾ, വാഴ, ജാതി, മഞ്ഞൾ, കൂവ, കുരുമുളക്, ആട്, പോത്ത്, കോഴി, താറാവ്, മീൻ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഡ്രാഗൺ ഫ്രൂട്ട്, മങ്കോസ്റ്റിൻ, റംബൂട്ടാൻ തുടങ്ങിയ പഴവർഗങ്ങളടക്കം വിപുലമാണ് കൃഷി. ആട്ടിൻ കാഷ്ഠ വളത്തിന് വേണ്ടി 50ഓളം ആടുകളെ വളർത്തുന്നു.
ഇവിടെ വളർത്തുന്ന ഒരു പോത്തിൽ നിന്ന് ജൈവവളത്തിനുള്ള ചാണകം കിട്ടുന്നു. നാടൻ കോഴി, ഫാൻസി കോഴി, ബി.വി.ത്രീ – 80 (മുട്ടക്കോഴി ) എന്നീ ഇനങ്ങളിലുള്ള 300ഓളം കോഴികളും നാടൻ, വിഗോവ, ഫ്ലൈയിങ് ഡക് ഇനങ്ങളിലായി 150ഓളം താറാവുമുണ്ട്. മുട്ട വിൽപനയുമുണ്ട്.
നിലവിൽ വരാൽ മീനിനെയാണ് കൃഷി ചെയ്യുന്നത്. പല വലിപ്പത്തിലുള്ള 2500ഓളം മീനുകളുണ്ട്. എടത്തല കൃഷി ഭവന്റെ മികച്ച ജൈവ കർഷക അവാർഡ്, സരോജിനി ദാമോധരൻ സ്മാരക അക്ഷയശ്രീ അവാർഡ്, കൃഷി വകുപ്പിന്റെ മികച്ച ജൈവ കർഷകക്കുള്ള ജില്ലതല അവാർഡ് തുടങ്ങിയവ ഇതിനകം ലഭിച്ചിരുന്നു. ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ഷാനാസ്, എൽ.എൽ.ബി വിദ്യാർഥിനി മെഹനാസ്, സൈക്കോളജിസ്റ്റ് ഫഹ്മിദ എന്നിവരാണ് റംലത്തിന്റെ മക്കൾ.