
ചാലക്കുടി: എറണാകുളം – തൃശൂര്‍ റൂട്ടില്‍ ദേശീയപാത 544ല്‍ യാത്രക്കാരുടെ ദുരിതം തുടരുന്നു. മണിക്കൂറുകളാണ് മുരിങ്ങൂർ, ചാലക്കുടി, കൊരട്ടി, ചിറങ്ങര മേഖലയിൽ വാഹനങ്ങളും യാത്രക്കാരും കുടുങ്ങിക്കിടന്നത്.
അവധി ദിവസങ്ങള്‍ക്ക് പിന്നാലെ എത്തുന്ന പ്രവൃത്തിദിനം എന്ന സാഹചര്യവും അടിപ്പാത നിര്‍മാണവും ഉള്‍പ്പെടെയാണ് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. ബ്ലോക്ക് രൂക്ഷമായതോടെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ട് ഗതാഗതം സുഗമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ആംബുലൻസുകളുമടക്കം വഴിയിൽ കുരുങ്ങി. മുരിങ്ങൂർ മുതൽ കിലോമീറ്ററുകളോളം വാഹനനിര നീണ്ടു. നാല്പത്തിയഞ്ച് മിനിറ്റിലധികമാണ് പലരും കുരുക്കില്‍ അകപ്പെട്ടത്.
ആമ്പല്ലൂര്‍, ചാലക്കുടി മേഖലകളിലെ സമാന്തര പാതകള്‍ വഴി ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തിവിട്ട് ഗതാഗതക്കുരുക്ക് അഴിക്കാനാണ് നിലവില്‍ ശ്രമം. പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി വിവിധ മേഖകളില്‍ നിയോഗിച്ചിട്ടുണ്ട്.
മുരിങ്ങൂര്‍ പാലം കയറുന്നതിന് മുന്‍പ് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ട് കാടുകുറ്റി – അത്താണി വഴി എയര്‍പോര്‍ട്ട് ജംഗ്ഷന് അടുത്ത് എത്തുന്ന വഴിയിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഹെവി വാഹനങ്ങളാണ് മുരിങ്ങൂര്‍ പാലം വഴി കടത്തിവിടുന്നത്. പോട്ട – അഷ്ടമിച്ചാല്‍ – മാള വഴി എറണാകുളത്തേക്കും വാഹനങ്ങള്‍ തിരിച്ചുവിടുന്നുണ്ട്.
മുന്നൊരുക്കമോ ദീർഘവീക്ഷണമോ ഇല്ലാതെ ദേശീയപാതയിൽ നടക്കുന്ന അശാസ്ത്രീയ നിർമാണങ്ങളിൽപ്പെട്ട് പ്രദേശവാസികളും ഹൈവേ യാത്രികരും വലയാൻ തുടങ്ങിയിട്ടു മാസങ്ങളായി.
പതിനായിരക്കണക്കിനു വാഹനങ്ങൾ ഇരുദിശകളിലേക്കും ദൈനംദിനം കടന്നുപോകുന്ന നാഷണൽ ഹൈവേ ബദൽ സംവിധാനം കാര്യക്ഷമമാക്കാതെ അധികൃതർ അടച്ചു കെട്ടിയതിന്റെ പരിണിതഫലമാണ് മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലകളിലെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക്.