
കൊച്ചി: ചേരാനല്ലൂരിൽ എം.ഡി.എം.എയുമായി ജിം ഇൻസ്ട്രക്ടർ ഉൾപ്പെടെ രണ്ടുയുവാക്കളെ പൊലീസ് പിടികൂടി. കണ്ണൂർ കീഴൂർ വള്ളിയാട് ആക്കപ്പറായിൽ എ.കെ. അനൂപ് (25), പറവൂർ ചേന്ദമംഗലം പാലത്തുരുത്ത് അങ്ങാടിപ്പറമ്പിൽ അബ്ദുൽ റൗഫ് (22) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്. രാസ ലഹരി വേട്ട. ചേരാനല്ലൂർ എച്ച്.പി പെട്രോൾ പമ്പിന് സമീപത്തു നിന്നും 24.130 ഗ്രാം എം.ഡി.എം.എയുമായാണ് ഇവർ വലയിലായത്.
കൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ ലഹരി എത്തിക്കുന്നതിൽ മുഖ്യ കണ്ണികളായ ഇരുവരും കുറച്ചു നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയായ അബ്ദുൽ റൗഫ് ജിം ഇൻസ്ട്രക്ടർ ആയി ജോലി നോക്കുന്നയാളാണ്. ജിം, ഫിറ്റ്നസ് സെന്ററുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും പൊലീസ് അന്വേഷിക്കുന്നുണ്ട്. നാർക്കോട്ടിക് സെൽ അസി. പൊലീസ് കമ്മിഷണർ എം.ബി ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.