
കൊച്ചി: മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ യാത്ര ചെയ്യാനെത്തുമ്പോൾ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ കണ്ടിട്ടില്ലേ? കൈയിൽ പൈസയില്ലാത്തതിനാൽ മാത്രം ടിക്കറ്റ് കൗണ്ടറിനു മുന്നിൽ തിരക്കേറിയ നേരത്ത് വരി നിന്ന് ടിക്കറ്റെടുക്കേണ്ടി വന്നിട്ടില്ലേ? എന്നാൽ, ഇനി ഇങ്ങനെ ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത. മെട്രോ സ്റ്റേഷനിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ പേപ്പർ ടിക്കറ്റെടുക്കാൻ ഇനി കാഷ് മാത്രമല്ല യു.പി.ഐയും ഉപയോഗിക്കാം.
പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച ട്രാൻസ്പോർട്ട് കമീഷണർ സി.എച്ച്. നാഗരാജു ടിക്കറ്റെടുത്ത് നിർവഹിച്ചു. ജെ.എല്‍.എന്‍ സ്റ്റേഷനില്‍ കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പുതിയ സംവിധാനം ലളിതവും സുരക്ഷിതവുമാണെന്ന് നാഗരാജു പറഞ്ഞു.
മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറുകളോട് ചേർന്നാണ് എ.ടി.എം മെഷീനു സമാനമായ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവ ഏറെക്കാലമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും യു.പി.ഐ സംവിധാനം ഉണ്ടായിരുന്നില്ല. നിലവിൽ ഗൂഗ്ൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്പുകളിലൂടെ ഇതിൽ ടിക്കറ്റ് എടുക്കാനാവും. മെഷീൻ സ്ക്രീനിൽ യാത്ര ചെയ്യേണ്ട സ്റ്റേഷന് സെലക്ട് ചെയ്തശേഷം ബയ് ടിക്കറ്റ് എന്ന ഓപ്ഷൻ വരും..
ഇതിൽ ക്ലിക്ക് ചെയ്താൽ സ്ക്രീനിൽ ക്യു.ആർ കോഡ് പ്രത്യക്ഷപ്പെടുകയും യു.പി.ഐ ആപ്പ് വഴി പണമടക്കാനാകുകയും ചെയ്യും. താഴത്തെ ടിക്കറ്റ് ഡിസ്പെൻസറിൽനിന്ന് ടിക്കറ്റ് ശേഖരിക്കാനുമാകും. യാത്രക്കാര്‍ക്ക് അനായാസം ടിക്കറ്റെടുത്ത് യാത്രചെയ്യാൻ ഒരുക്കുന്ന സൗകര്യങ്ങളില്‍ ഏറ്റവും പുതിയതാണ് ഇതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഭിന്നശേഷി സൗഹൃദമായാണ് മെഷീൻ ക്രമീകരിച്ചിരിക്കുന്നത്. മുമ്പത്തേതുപോലെ കറന്‍സി നല്‍കിയും ടിക്കറ്റ് എടുക്കാം. എല്ലാ സ്റ്റേഷനുകളിലും മെഷീൻ പ്രവർത്തനം തുടങ്ങി.
പൂര്‍ണമായും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് യാത്രക്കാരെ മാറ്റുകയാണ് കൊച്ചി മെട്രോയുടെ ലക്ഷ്യം. കൊച്ചി വണ്‍ മൊബൈല്‍ ആപ്, വാട്സ്ആപ്, ഗൂഗ്ള്‍ വാലറ്റ് എന്നിവ വഴിയും പേടിഎം, ഫോണ്‍പേ, റെഡ്ബസ്, ടുമോക്, യാത്രി, ഈസി മൈ ട്രിപ്, ടെലിഗ്രാം (മൈ മെട്രോ കൊച്ചി), കേരള സവാരി തുടങ്ങിയവ വഴിയും ഇപ്പോള്‍ ടിക്കറ്റ് എടുക്കാം.വാട്സ്ആപ്, ഗൂഗ്ള്‍ വാലറ്റ് അധിഷ്ഠിത ടിക്കറ്റിങ് സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ കെ.എം.ആര്.എല്‍ ഡയറക്ടര്‍മാരായ സഞ്ജയ് കുമാര്‍ (സിസ്റ്റംസ്) , ഡോ. എം.പി രാംനവാസ് (പ്രോജക്ട്സ്), ചീഫ് ജനറല്‍ മാനേജര്‍മാരായ എ. മണികണ്ഠന്, ഷാജി ജനാര്ദനന്, ജനറല്‍ മാനേജര്‍മാരായ മിനി ഛബ്ര (എച്ച്.ആര്), ജിഷു ജോണ്‍ സ്കറിയ ( ലീഗല്‍) ടി.സി. ജോണ്സണ് ( എസ് ആന്‍ഡ് ടി), ജയനന്ദ സോമസുന്ദരം (ജോയന്റ് ജനറല്‍ മാനേജര്‍ എസ് ആന്‍ഡ് ടി), പി.എസ്. രഞ്ജിത് ( അസി.മാനേജര്‍ എ.എഫ്. സി) തുടങ്ങിയവര്‍ പങ്കെടുത്തു.