
കൊച്ചി: പൊന്നോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മലയാളികൾക്ക് വിലക്കുറവിന്റെ ഓണക്കാഴ്ചയൊരുക്കാൻ സപ്ലൈകോ ഒരുങ്ങി. സബ്സിഡി നിരക്കിലും വിലക്കുറവിലും സാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിവിധ ഓഫറുകളും സമ്മാനപദ്ധതികളും ഒരുക്കിയാണ് സപ്ലൈകോ സാധാരണക്കാർക്ക് കൈത്താങ്ങാവുന്നത്.ഓണക്കിറ്റുണ്ട്… സമ്മാനങ്ങളുണ്ട്..
ആറുലക്ഷത്തിലധികം എ.എ.വൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും 14 ഇനം ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റുകള്‍ നല്‍കുന്നുണ്ട്. ആഗസ്റ്റ് 26ന് ആരംഭിച്ച് സെപ്റ്റംബർ നാലുവരെയാണ് വിതരണം. സപ്ലൈകോയില്‍നിന്ന് ഓണക്കാലത്ത് 1000 രൂപയിലധികം സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ലക്കി ഡ്രോ നടത്തും. ഒന്നാം സമ്മാനം ഒരുപവന് സ്വര്ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കുക. രണ്ടാം സമ്മാനം രണ്ടുപേര്‍ക്ക് ലാപ് ടോപ്പും മൂന്നാം സമ്മാനം മൂന്നുപേര്‍ക്ക് സ്മാര്‍ട്ട് ടി.വിയുമാണ്. എല്ലാ ജില്ലയിലും നറുക്കെടുപ്പിലെ വിജയിക്ക് സ്മാര്‍ട്ട് ഫോണും സമ്മാനമായി നല്‍കും.