
അരൂർ∙ ഉയരപ്പാത നിർമാണ മേഖലയിൽ അരൂർ ക്ഷേത്രത്തിനും അരൂർ പള്ളിക്കുമിടയിൽ സർവീസ് റോഡിന്റെ ഇരുവശങ്ങളും വെള്ളക്കെട്ടും ചെളിപുതഞ്ഞും നാട്ടുകാർക്കു ദുരിതമായി.
കഴിഞ്ഞ രാത്രിയിൽ ഉണ്ടായ മഴയാണ് റോഡിൽ ദുരിതം വിതയ്ക്കുന്നത്. ഈ ഭാഗത്ത് മേൽപാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുകയാണ്.ഇതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലും പില്ലറിനു സമീപവും കൂട്ടിയിട്ടിരിക്കുന്ന സിമന്റും മണലുമെല്ലാം മഴയിൽ സർവീസ് റോഡിലേക്കും റോഡ് വക്കിലേക്കും ഒഴുകി ചെളിക്കുഴമ്പായ നിലയിലാണ് കിടക്കുന്നത്. ഇതുമൂലം കാൽനട യാത്രപോലും ഏറെ ക്ലേശകരമാണ്.
ഓണക്കാലമായതിനാൽ ആളുകൾ പലവിധ കാര്യങ്ങൾക്കായി റോഡിലൂടെ കടന്നു പോകുമ്പോൾ ചെളിയിൽ തെന്നി വീഴുന്നതും, ഇരുചക്രവാഹനങ്ങളും നിയന്ത്രണം തെറ്റുന്നതും പതിവായിട്ടുണ്ട്.
റോഡ് വക്കിലൂടെ നടന്നുപോകുന്നവരുടെ മേൽ ചെളിവെള്ളം തെറിച്ചു വീഴുന്നതും പ്രതിഷേധങ്ങൾക്കും സംഘർഷത്തിനും ഇടയാക്കുന്നു. ജനരോഷം ഉയരുമ്പോൾ കുണ്ടും കുഴിയുമായ റോഡ് കുറച്ചുഭാഗം ടൈൽസ് വിരിക്കുന്നതല്ലാതെ യാത്രക്കാർക്ക് റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കാൻ അധികാരികളാരും രംഗത്തുവരാറില്ല.