കൊച്ചി: സിറോ മലബാർ സഭക്കുകീഴിലെ നാല് രൂപതകളെ അതിരൂപതകളാക്കി ഉയർത്തി. ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് എന്നിവയാണ് പുതിയ അതിരൂപതകൾ. ഫരീദാബാദിൽ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഉജ്ജയിനിൽ മാർ സെബാസ്റ്റ്യൻ വടക്കേൽ, കല്യാണിൽ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഷംഷാബാദിൽ മാർ പ്രിൻസ് ആന്റണി പാണങ്ങാടൻ എന്നിവരാണ് പുതിയ മെത്രാപ്പോലീത്തൻ ആർച് ബിഷപ്പുമാർ.
ബെൽത്തങ്ങാടി രൂപത മെത്രാനായി മാർ ലോറൻസ് മുക്കുഴിക്കുപകരം ഫാ. ജെയിംസ് പാട്ടശ്ശേരിലിനെയും ആദിലാബാദ് രൂപതയിൽ ഫാ. ജോസഫ് തച്ചപറമ്പത്തിനെയും ബിഷപ്പായി നിയമിച്ചു. ആദിലാബാദ്, ബിജ്നോർ, ചന്ദ, ഗോരഖ്പൂർ, കല്യാൺ, ജഗ്ദൽപൂർ, രാജ്കോട്ട്, സാഗർ, സത്ന, ഷംഷാബാദ്, ഉജ്ജയിൻ, ഹോസൂർ എന്നീ 12 രൂപതകളുടെ അതിർത്തിയും പുനഃക്രമീകരിച്ചു. ഷംഷാബാദ് രൂപതയുടെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ മറ്റ് 11 രൂപതകളിലേക്ക് പുനർവിതരണം ചെയ്തു.
കാക്കനാട് സിറോ മലബാര്‍ സഭ ആസ്ഥാനത്ത് നടക്കുന്ന 33ാം മെത്രാന് സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് തീരുമാനമെടുത്തത്. സിനഡ് തീരുമാനങ്ങള്‍ക്ക് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജര്‍ ആര്‍ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉത്തരവ് പുറപ്പെടുവിച്ചു. ബല്‍ത്തങ്ങാടി രൂപതാധ്യക്ഷനായിരുന്ന മാര്‍ ലോറന്‍സ് മുക്കുഴി ആരോഗ്യകാരണങ്ങളാല്‍ രാജിവെച്ച ഒഴിവിലേക്കാണ് ജയിംസ് പാട്ടശ്ശേരിൽ നിയമിതനായത്.
കല്യാണിൽ മാർ തോമസ് ഇലവനാലിനു പകരമാണ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിയമിക്കപ്പെട്ടത്. ആദിലാബാദ് രൂപതാധ്യക്ഷനായിരുന്ന മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന് ഷംഷാബാദ് രൂപതയുടെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ജോസഫ് തച്ചാംപറമ്പത്ത് നിയോഗിക്കപ്പെട്ടത്.
