
കോട്ടയം: സ്കൂള്‍ മുറ്റത്ത് മുറിച്ചിട്ട മരക്കഷണങ്ങള്‍ നീക്കാൻ വന്ന തൊഴിലാളികളിൽ ഒരാള്‍ ഏറെ നേരം ക്ലാസ് മുറിയിലേയ്ക്ക് നോക്കി നിൽക്കുന്നത് പ്രധാനാധ്യാപിക ശ്രദ്ധിച്ചു. നിര്‍വികാരനായി നില്ക്കുന്ന തൊഴിലാളിയോട് കാര്യം അന്വേഷിച്ചപ്പോള്‍ അധ്യാപിക ഞെട്ടി. പിന്നീട് ഈരാറ്റുപേട്ട ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നത് നാടകീയ രംഗങ്ങളായിരുന്നു.
പ്രധാനാധ്യാപിക ഷീജ സലിം തൊഴിലാളിയെ അടുത്തു വിളിച്ചു കാര്യം ചോദിച്ചു. ‘ടീച്ചർ, ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പർ’ – എന്നായിരുന്നു തമിഴ്നാട് സ്വദേശിയായ തൊഴിലാളിയുടെ വാക്കുകൾ. പേര് എം രംഗനാഥൻ, 36 വയസ്, വി കെ സ്ട്രീറ്റ്, കോമ്പൈ വില്ലേജ്, ഉത്തമപാളയം, തേനി- വിശദമായി ടീച്ചർ ചോദിച്ചറിഞ്ഞു.
വിദ്യാഭ്യാസത്തെ കുറിച്ച് ചോദിച്ചു. എംഎ, എംഎഡ് എന്ന മറുപടികേട്ട് അധ്യാപിക ഞെട്ടി. സ്വന്തം നാട്ടിലേക്കാൾ 300രൂപ അധികം കൂലി കിട്ടുന്നതിനാലാണു കേരളത്തിൽ പണിക്കെത്തിയത്. ഭാര്യയും മകനും അടങ്ങുന്ന കുടുംബം നോക്കണം. മിച്ചം കിട്ടുന്ന പണംകൊണ്ട് തമിഴ്നാട് സർക്കാർ സർവീസിൽ പ്രവേശിക്കാൻ പരിശീലനത്തിന് ചേരണം. ഉടന്‍ തന്നെ് പ്രിന്‍സിപ്പല്‍ ഷീജ സലീം രംഗനാഥനെ ക്ലാസ്സ് മുറിയിലേയ്ക്ക് ക്ഷണിച്ചു. പണി ചെയ്തിരുന്ന വേഷത്തില്‍ തന്നെ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അധ്യാപകര്‍ ഭാഷ തര്‍ജ്ജമ ചെയ്തു.