ദുബായ്: 2000ല്‍ ന്യൂസിലന്‍ഡിനോടെറ്റ പരാജയത്തിന് കണക്കുതീര്‍ത്ത് ടീം ഇന്ത്യ. ഫൈനലില്‍ എതിരാളികളായ കിവികളെ ആദ്യം സ്പിന്നില്‍ കുരുക്കിയും പിന്നീട് നായകന്‍ രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിംഗിന്റെയും കരുത്തിലാണ് ടീം ഇന്ത്യ കിരീടനേട്ടം സ്വന്തമാക്കിയത്.
ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ മൂന്നാമത്തെ കിരീടനേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതോടെ തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സ്വന്തമാക്കി.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കിവീസ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം, ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
76 റണ്‍സ് എടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ടൂര്‍ണമെന്റില്‍ ഇതുവരെ ഫോം കണ്ടെത്താനാവാതെ വിഷമിച്ച ഇന്ത്യന്‍ നായകന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി തകര്‍ത്താടിയതോടെ ടീം സ്‌കോര്‍ അതിവേഗം കുതിച്ചു.
രോഹിത് ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് നേടി ടീമിന് മികച്ച തുടക്കം നല്‍കി. 19ാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ന്യൂസീലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഗില്‍ മടങ്ങിയത്.
തുടര്‍ന്നെത്തിയ കോലി പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദത്തിലായി. എന്നാല്‍ ശ്രേയസ് അയ്യര്‍ ഒരുവശത്ത് നിലയുറപ്പിച്ചതോടെ ഇന്ത്യ വീണ്ടും പിടിമുറുക്കി. ശ്രേയസ് അയ്യര്‍ 48 റണ്‍സെടുത്തു. 33 പന്തില്‍ പുറത്താവാതെ 34 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ ഇന്നിംഗ്സും നിര്‍ണായകമായി.
50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 251 റണ്‍സ് എടുത്തു. ന്യൂസിലന്‍ഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ എത്തിയതോടെ കഥ മാറുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും, ജഡേജ, ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി. കിവീസിനായി ഡാരല്‍ മിച്ചല്‍ 63(101), മൈക്കില്‍ ബ്രസ്വെല്‍ 53(40) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.