എറണാകുളത്ത് 1.252 കിലോഗ്രാം കഞ്ചാവും, 8.384 ഗ്രാം ഹെറോയിനും പിടികൂടി. ആസാം സ്വദേശികളായ നസുർ താവ് (30 വയസ്സ്), നബി ഹുസൈൻ (23 വയസ്സ് ) എന്നിവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ റെയിഡ് ചെയ്താണ് എക്സൈസ് സംഘം മയക്കുമരുന്ന് പിടിച്ചെടുത്തത്. പ്രതികളെ രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസാമിൽ നിന്നും വീര്യം കൂടിയ ഇനം ഹെറോയിനും കഞ്ചാവും കടത്തിക്കൊണ്ടു വന്ന് മലയാളികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇവർ വില്പന നടത്തിയിരുന്നു.
എറണാകുളം അസി. എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ഇൻസ്പെക്ടർ പ്രമോദ്, അസി എക്സൈസ് ഇൻസ്പെക്ടർ M T ഹാരീസ്, പ്രിവൻ്റീവ് ഓഫീസർ ജിനീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ M M അരുൺ കുമാർ, ബസന്ത് കുമാർ, സജോ വർഗ്ഗീസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സരിതാ റാണി എന്നിവർ പങ്കെടുത്തു.
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 164 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. എറണാകുളം എക്സ്പ്രെസ്സ് ട്രെയിനിന്റെ മുൻവശത്തെ ജനറൽ കമ്പാർട്ടുമെന്റിൽ ലഗേജ് ക്യാരിയറിലുണ്ടായിരുന്ന കറുത്ത ഷോൾഡർ ബാഗിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചത്. വിവിധ നിറങ്ങളിലുള്ള 16 സോപ്പു പെട്ടികളിൽ പ്ളാസ്റ്റിക് കവറുകളിലായിട്ടാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോളും പാർട്ടിയും, RPF/CIB പാർട്ടിയും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്. മയക്കുമരുന്ന് കൊണ്ടുവന്നവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.