റാഞ്ചി: ജാര്‍ഖണ്ഡില്‍ ചംപയ് സോറന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചെംപയ് സോറനോട് പത്ത് ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. മഹാസഖ്യം എംഎല്‍എമാര്‍ തിങ്കളാഴ്ച വരെ ഹൈദരാബാദില്‍ ഉണ്ടാകും.
രണ്ട് ദിവസത്തെ നിയമസഭ സമ്മേളനം ചേരാനാണ് തീരുമാനം. ജെഎംഎം നേതൃത്വം നല്‍കുന്ന മഹാസഖ്യ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ബിജെപി ലക്ഷ്യം വയ്ക്കുന്നു എന്ന ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു 38 മഹാസഖ്യ എംഎല്‍എമാരെ ഹൈദരാബാദിലേയ്ക്ക് മാറ്റിയത്. വെള്ളിയാഴ്ച രാത്രി എംഎല്‍എമാര്‍ ഹൈദരാബാദില്‍ എത്തിച്ചേര്‍ന്നിരുന്നു.
ഇന്നലെ വൈകുന്നേരം ഹൈദരാബാദില്‍ എത്തിയ മഹാസഖ്യം എംഎല്‍എമാർക്ക് തെലങ്കാന കോണ്‍ഗ്രസ് നേതൃത്വം സ്വീകരണം നൽകി. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, ഗതാഗത വകുപ്പ് മന്ത്രി പൊന്നം പ്രഭാകര്‍, എഐസിസി സെക്രട്ടറി സമ്പത്ത് കുമാര്‍ എന്നിവര്‍ മഹാസഖ്യം എംഎല്‍എമാരെ സ്വീകരിക്കാൻ വന്നിരുന്നു. പിന്നീട് എംഎല്‍എമാരെ ഷാമിര്‍പെട്ടിലെ സ്വകാര്യ റിസോര്‍ട്ടിലേയ്ക്ക് മാറ്റി.