News

സായാഹ്ന വാർത്തകൾ

◾ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യം 2025 ല്‍ സാധ്യമാകുമെന്ന് ഇസ്രോ ചെയര്‍മാന്‍ എസ്.സോമനാഥ്. വിക്ഷപണത്തിന് മുമ്പ് മൂന്ന് തവണ ആളില്ലാ ദൗത്യങ്ങള്‍ നടത്തുന്നതാണ്. ആദ്യ ആളില്ലാ ദൗത്യം ഈ വര്‍ഷം ജൂലൈയില്‍ ഉണ്ടാകും. പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ബഹിരാകാശ നിലയത്തിന്റെ ഡിസൈന്‍ തയ്യാറാക്കുന്നത് അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും നാസയുമായി സഹകരിച്ചുളള ബഹിരാകാശ പദ്ധതിയും അവസാനഘട്ടത്തിലാണെന്നും സോമനാഥ് വ്യക്തമാക്കി.

◾കടമെടുപ്പ് പരിധിയില്‍ കേരളവുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമിത് ഖരെയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് കെവി തോമസ് ഇക്കാര്യം അറിയിച്ചത്.

◾യുഡിഎഫ് സീറ്റ് വിഭജനത്തിന്റെ ഭാഗമായി കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 16 സീറ്റില്‍ കോണ്‍ഗ്രസും 2 സീറ്റില്‍ ലീഗും മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . മൂന്നാം സീറ്റിലെ ബുദ്ധി മുട്ട് ലീഗിനെ അറിയിച്ചു, അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. രാജ്യസഭ സീറ്റ് റൊട്ടേഷന്‍ രീതിയില്‍ കോണ്‍ഗ്രസ്സും ലീഗും പങ്കിടുമെന്നും ഫോര്‍മുല ലീഗ് അംഗീകരിച്ചെന്നും സതീശന്‍ പറഞ്ഞു.

◾ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെയും തമിഴ്നാട്ടിലെയും മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തും, അബ്ദുസമ്മദ് സമദാനി പൊന്നാനിയിലും മല്‍സരിക്കും. സീറ്റ് നല്‍കണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം ഇത്തവണ അംഗീകരിച്ചില്ല. രാജ്യസഭാ സീറ്റിലെക്കുള്ള സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

◾നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

◾കോഴിക്കോട് മണ്ഡലം ഇടതുമുന്നണി തിരിച്ചു പിടിക്കുമെന്നും, ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം. വടകരയില്‍ ഇത്തവണ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയും പറഞ്ഞു. വടകര ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രം തന്നെയാണെന്നും ജയിക്കാന്‍ ബുദ്ധിമുട്ടുള്ള മണ്ഡലമല്ലെന്നും വ്യക്തമാക്കി.

◾വടകര ലോക്സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി. ടിപി കൊലയ്ക്ക് ശേഷം ഒരിക്കല്‍ പോലും സിപിഎമ്മിന് വടകരയില്‍ ജയിച്ച് കയറാനായിട്ടില്ല. തോല്‍ക്കുന്നത് വരെ, ശൈലജ ടീച്ചര്‍ക്ക് ജയിക്കുമെന്ന് പറയാമെന്നും കെ.മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ തവണ താന്‍ വട്ടിയൂര്‍കാവില്‍ നിന്നാണ് വടകരയിലേക്ക് തീവണ്ടി കയറിയത്. ഇതാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കോപ്പിയടിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

◾കമ്പാര്‍ട്ട്മെന്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന്‍ ആലുവയില്‍ 23 മിനിറ്റ് നിര്‍ത്തിയിട്ടു. തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിലാണ് സംഭവം. പരിശോധനകള്‍ക്കു ശേഷം ട്രെയിന്‍ പുറപ്പെട്ടു. പുക ഉയരാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.. ട്രെയിന്‍ മംഗലാപുരത്ത് എത്തിയ ശേഷം വിശദമായ പരിശോധന നടത്തും എന്ന് അധികൃതര്‍ അറിയിച്ചു.

◾രാജീവ് ഗാന്ധി വധകേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു. 55 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടുത്തിടെ ശാന്തന് ശ്രീലങ്കയിലേക്ക് പോകാന്‍ കേന്ദ്രം എക്സിറ്റ് പെര്‍മിറ്റ് അനുവദിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തന്‍ എന്ന സുതേന്ദിരരാജ.

◾കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടിച്ചുമാറ്റാന്‍ ഉത്തരവിടുക, ആര്‍ ആര്‍ ടി സംഘത്തെ വിപുലീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാരം സമരം. അതേസമയം അരിക്കൊമ്പന്‍ വിഷയം വന്നപ്പോള്‍ പടയപ്പ പ്രശ്നക്കാരനല്ലെന്ന് പറഞ്ഞയാളാണ് ഡീന്‍ കുര്യാക്കോസെന്നും ഉണ്ടിരുന്ന നായര്‍ക്ക് ഉള്‍വിളി ഉണ്ടായി എന്നതു പോലെയാണ് ഡീനിന്റെ സമര പ്രഖ്യാപനമെന്നും സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ് പരിഹസിച്ചു

◾നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഗവ. കരാറുകാര്‍ മാര്‍ച്ച് നാലിനു സൂചനാ പണിമുടക്ക് നടത്തുന്നു. ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്.സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ വിഷയങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ടെണ്ടറുകള്‍ ബഹിഷ്‌ക്കരിച്ചും, പണികള്‍ നിര്‍ത്തിവച്ചും സമരം ചെയ്യാന്‍ കേരളത്തിലെ ഗവ.കരാറുകാര്‍ നിര്‍ബന്ധിതരാകുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

◾കണ്ണൂര്‍ സര്‍വകലാശാല മുന്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍, 20,55,000 രൂപ സര്‍വകലാശാല ഫണ്ടില്‍ നിന്നും കേസ് നടത്താന്‍ ഉപയോഗിച്ചുവെന്ന വിവരാവകാശ രേഖകള്‍ കെ എസ് യു പുറത്തുവിട്ടു. വിസിയായിരിക്കെ ചിലവഴിച്ച മുഴുവന്‍ തുകയും തിരിച്ച് പിടിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

◾പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയതല്ലെന്ന് അച്ഛന്‍ ജയപ്രകാശ്. മകനെ കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് അച്ഛന്റെ ആരോപണം. സിദ്ധാര്‍ത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.

◾അഡ്വക്കറ്റ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വധശിക്ഷക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ . നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് 13ന് ഹൈക്കോടതി പരിഗണിക്കും.

◾എന്‍ഡിഎ പദയാത്ര ഗാനവിവാദത്തില്‍ ഐടി സെല്‍ കണ്‍വീനര്‍ എസ് ജയശങ്കറിനെതിരെ നടപടിയുണ്ടാവില്ല. ബിജെപി ഐടി സെല്‍ നിര്‍വഹിച്ചിരുന്ന ചുമതലകള്‍ ഇനിമുതല്‍ നിര്‍വഹിക്കുക എന്‍ഡിഎ ഐടി സെല്‍ ആയിരിക്കും. എന്‍ഡിഎ ഐടി സെല്ലിന് പുതിയ കോഡിനേറ്റര്‍ പദവി സൃഷ്ടിക്കും. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം.

◾രാജ്യസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ നാടകീയതകള്‍ക്കിടയില്‍ ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു രാജി വെച്ചെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ രാജിവെക്കില്ലെന്നും പോരാളിയാണെന്നും പോരാട്ടം തുടരുമെന്നും രാജി വാര്‍ത്ത തള്ളിക്കൊണ്ട് സുഖു പ്രതികരിച്ചു. അതേസമയം ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കം നടത്തിയതോടെ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് തീവ്രശ്രമങ്ങളാണ് നടത്തിവരുന്നത്. ഇതിനു പിന്നാലെ പിസിസി അധ്യക്ഷന്‍ പ്രതിഭാ സിങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവെച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്.

◾ഇന്നലെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവര്‍ ക്രോസ് വോട്ട് ചെയ്തു എന്ന് ഹിമാചലിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി. മനുഷ്യസ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച ഒന്‍പത് എംഎല്‍എമാര്‍ക്ക് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

◾ഹിമാചല്‍ പ്രദേശില്‍ പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ നടന്ന വോട്ടെടുപ്പിനിടെ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടി. ആകെ 25 എംഎല്‍എമാരാണ് ഹിമാചല്‍പ്രദേശില്‍ പ്രതിപക്ഷമായ ബിജെപിക്കുള്ളത്.

◾അസം കോണ്‍ഗ്രസിലും പ്രതിസന്ധി. അസം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു. ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് തീരുമാനം.

◾വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാസം തോറും 12000 രൂപ ശമ്പളത്തിലാണ് കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുന്നത്.

◾തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികള്‍ കൂടി നടപ്പിലാക്കി തെലങ്കാന സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി പദ്ധതിയും നിലവില്‍ വന്നു. സ്ത്രീ ശാക്തീകരണം, പുക രഹിത പാചകം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.

◾ഗുജറാത്ത് തീരത്ത് ആയിരം കോടി രൂപയുടെ വന്‍ ലഹരിവേട്ട. ബോട്ട് മാര്‍ഗം ഇന്ത്യയിലേക്ക് ലഹരി കടത്താന്‍ ശ്രമിച്ച ഇറാന്‍, പാകിസ്ഥാന്‍ സ്വദേശികളായ 5 പേരില്‍ നിന്ന് 3,300 കിലോ ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

◾രാജ്യത്തെ പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ സ്മാര്‍ട്ട്‌സ്പീക്കര്‍ സൗകര്യത്തിനായി നടന്‍ മമ്മൂട്ടിയുമായി കൈകോര്‍ത്തു. പണമിടപാട് നടന്ന വിവരം സ്പീക്കറിലൂടെ അറിയിക്കുന്ന സംവിധാനമാണിത്. ഇനി മുതല്‍ പണമിടപാട് നടത്തിയ വിവരം മലയാളത്തിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ ശബ്ദത്തില്‍ കേള്‍ക്കാം. വിവിധ പ്രാദേശിക ഭാഷകളില്‍ വിവിധ സെലിബ്രിറ്റികളുമായി ഫോണ്‍പേ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ മഹേഷ് ബാബു, കിച്ചാ സുദീപ്, അമിതാഭ് ബച്ചന്‍ എന്നിവരുടെ ശബ്ദത്തിലാണ് സന്ദേശമെത്തുക. ഭാവിയില്‍ ഇത് കൂടുതല്‍ ഭാഷകളില്‍ പുറത്തിറക്കാനുള്ള പദ്ധതിയിലാണ്. വ്യാപാരികള്‍ക്ക് ഫോണ്‍പേ ഫോര്‍ ബിസിനസ് ആപ്പ് വഴി ഈ സൗകര്യം ലഭ്യമാക്കാം. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച സ്മാര്‍ട്ട് സ്പീക്കര്‍ സൗകര്യം 48 ലക്ഷത്തിലധികം ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ ശരാശരി 5.8 കോടി പ്രതിമാസ ട്രാന്‍സാക്ഷനുകള്‍ ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറുകള്‍ വഴി അറിയിക്കുന്നുണ്ട്.2016 ഓഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ഫോണ്‍പേ 7 വര്‍ഷത്തിനുള്ളില്‍ 51.5 കോടി ഉപയോക്താക്കളും 3.8 കോടി വ്യാപാരികളുമുള്ള ശൃംഖലയുമായി മാറി. പ്രതിദിനം 21.5 കോടിയിലധികം ഇടപാടുകളാണ് ഫോണ്‍പേ വഴി നടക്കുന്നത്. ഇവയുടെ മൊത്തം വാര്‍ഷിക ഇടപാട് മൂല്യം 1.4 ലക്ഷം കോടി ഡോളറാണ്.

◾നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് ഓഡിയോ – വീഡിയോകള്‍ വലിയ പ്രതിസന്ധിയാണ് ലോകമെമ്പാടുമായി സൃഷ്ടിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് വലിയ വാര്‍ത്തയായി മാറിയിരുന്നു. പ്രധാനമായും സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരം എ.ഐ നിര്‍മിത വ്യാജ വിഡിയോകള്‍ പ്രചരിക്കുന്നത്. ഇപ്പോഴിതാ വ്യാജപ്രചാരണങ്ങള്‍ തടയുന്നതിന് പദ്ധതിയുമായി വാട്സ്ആപ്പ് രംഗത്തുവന്നിരിക്കുകയാണ്. ഒരു ഹെല്‍പ്പ് ലൈന്‍ സേവനമാണ് ഡീപ് ഫേക്കുകളെ നേരിടാനായി വാട്സ്ആപ്പ് ഒരുക്കുന്നത്. മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സുമായി സഹകരിച്ചാണ് വാട്സ്ആപ്പിന്റെ നീക്കം. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കൂടിയാണിത്. മാര്‍ച്ച് മുതല്‍ സേവനം ലഭ്യമായിത്തുടങ്ങും. രാജ്യത്തെ ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴി ഈ ഹെല്‍പ്പ് ലൈനിലേക്ക് പ്രവേശം ലഭിക്കും. വാട്സ്ആപ്പ് വഴി നേരിട്ട് ഡീപ്ഫേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഹെല്‍പ്പ് ലൈന്‍ നിങ്ങളെ സഹായിക്കും. ഇങ്ങനെ സംശയമുള്ള വീഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എം.സി.എയുടെ ‘ഡീപ്‌ഫേക്ക് അനാലിസിസ് യൂണിറ്റ്’ വീഡിയോ പരിശോധിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. അതേസമയം ചാറ്റ്‌ബോട്ട്/ഹെല്‍പ്പ്‌ലൈനിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വാട്സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷകളില്‍ രാജ്യത്ത് ഈ സേവനം ലഭിക്കും. മലയാളമടക്കള്ള മറ്റ് പ്രാദേശിക ഭാഷകളിലേക്കും ഭാവിയില്‍ വ്യാപിപ്പിക്കും.

◾മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ പുതിയ പോസ്റ്റര്‍ എത്തി. സിനിമയിലെ ഗൗതം മേനോന്റെ കഥാപാത്രത്തിന്റെ ലുക്ക് ആണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. ബെഞ്ചമിന്‍ ജോഷ്വ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗൗതം മേനോന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പോസ്റ്റര്‍ റിലീസ്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിനു ശേഷം തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു.വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ബസൂക്ക നിര്‍മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ പ്രധാന ഭാഗങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഗൗതം വാസുദേവ മേനോന്‍ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇനി ചിത്രീകരിക്കുവാനുള്ളത്. പൂര്‍ണമായും മൈന്‍ഡ് ഗെയിം ത്രില്ലര്‍ ജോണറിലാണ് ഈ സിനിമയുടെ അവതരണം. കഥയിലും അവതരണത്തിലും തുടക്കം മുതല്‍ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന, അപ്രതീക്ഷിത വഴിത്തിരിവുകള്‍ സമ്മാനിച്ചു കൊണ്ടാകും കഥാവികസനം. സിദ്ധാര്‍ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍ (ബിഗ് ബി ഫെയിം), സ്ഫടികം ജോര്‍ജ്, ദിവാ പിള്ള, ഐശ്യര്യാ മേനോന്‍ എന്നിവരും പ്രധാന താരങ്ങളാണ്.

◾നടി മീനയുടെ പുതിയ ചിത്രമായ ‘ആനന്ദപുരം ഡയറീസി’ലെ പുത്തന്‍ പാട്ട് പുറത്തിറങ്ങി ‘പഞ്ചമി രാവില്‍ പൂത്തിങ്കള്‍’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണമൊരുക്കി. സുജാതയും സൂരജ് സന്തോഷും ചേര്‍ന്നാണു ഗാനം ആലപിച്ചത്. റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാന്‍ എബ്രഹാം എന്നിവരാണു ചിത്രത്തിനു വേണ്ടി മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ‘ഇടം’ എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദപുരം ഡയറീസ്’. കലാലയ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍, മീനയ്ക്കൊപ്പം തമിഴ് നടന്‍ ശ്രീകാന്തും മനോജ്.കെ.ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റോഷന്‍ അബ്ദുള്‍ റഹൂഫ്, മാലാ പാര്‍വതി, സിബി തോമസ്, രാജേഷ് അഴീക്കോടന്‍, അഭിഷേക് ഉദയകുമാര്‍, ശിഖ സന്തോഷ്, നിഖില്‍ സഹപാലന്‍, സഞ്ജന സാജന്‍, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖില്‍, ആര്‍ജെ അഞ്ജലി, വൃദ്ധി വിശാല്‍, മീര നായര്‍, അര്‍ജുന്‍.പി.അശോകന്‍, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളി വിദ്യാധരന്‍, ഷൈന ചന്ദ്രന്‍, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവിക ഗോപാല്‍ നായര്‍, ആര്‍ലിന്‍ ജിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

◾ആഗോള വിപണികള്‍ക്കായി 2024 ഐ20 എന്‍ ലൈന്‍ ഫെയ്സ്ലിഫ്റ്റ് ഹ്യുണ്ടായ് വെളിപ്പെടുത്തി. ഐ20 എന്‍ ലൈനിന്റെ ഈ പതിപ്പ് ചില ഡിസൈന്‍ മാറ്റങ്ങളും കൂടാതെ ചില അപ്‌ഡേറ്റ് ചെയ്ത സവിശേഷതകളുമായാണ് വരുന്നത്. 2024 ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍ ഫെയ്സ്ലിഫ്റ്റിന്റെ മിഡ്-ലൈഫ് അപ്‌ഡേറ്റാണിത്. കഴിഞ്ഞ സെപ്തംബറില്‍ ഹ്യൂണ്ടായ് ഐ20 എന്‍ ലൈനിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. കളര്‍ ഓപ്ഷനുകളുടെ കാര്യത്തില്‍, കാറിന് ആകര്‍ഷകമായ ഒമ്പത് നിറങ്ങളില്‍ ലഭിക്കും. ലുമെന്‍ ഗ്രേ പേള്‍, മെറ്റാ ബ്ലൂ പേള്‍, വൈബ്രന്റ് ബ്ലൂ പേള്‍, ലൂസിഡ് ലൈം മെറ്റാലിക് തുടങ്ങിയ നിറങ്ങളിലാണ് കാര്‍ എത്തുന്നത്. ക്യാബിനിനുള്ളില്‍, വിവിധ ഭാഗങ്ങളില്‍ ചുവപ്പും കറപ്പും കലര്‍ന്ന ട്രീറ്റ്മെന്റ് ഉണ്ട്. എന്‍ ലൈന്‍ സ്പെസിഫിക് ആയ ത്രീ-സ്‌പോക്ക് സ്‌പോര്‍ട്ടി സ്റ്റിയറിംഗ് വീലും ലഭിക്കും. എന്‍ ലൈന്‍ ഗിയര്‍ സെലക്ടര്‍ ലിവര്‍, സ്പോര്‍ട്സ് പെഡലുകള്‍ എന്നിവയുമുണ്ട്. 2024 ഹ്യുണ്ടായ് ഐ20 എന്‍ ലൈന്‍ ഫെയ്സ്ലിഫ്റ്റിന്റെ സവിശേഷതകളും രൂപകല്‍പ്പനയും മാറ്റിയെങ്കിലും പവര്‍ട്രെയിന്‍ മാറ്റമില്ലാതെ തുടരുന്നു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായോ 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായോ ജോടിയാക്കിയ 1.0-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഇത് തുടരുന്നു. എഞ്ചിന്‍ പരമാവധി 118 ബിഎച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

◾പ്രകൃതിരമണീയമായ ഊട്ടിയുടെ പശ്ചാത്തലത്തില്‍ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളുടെ കഥ പറയുന്ന നോവല്‍. വ്യത്യസ്ത പ്രമേയം. ഉദ്വേഗമുണര്‍ത്തുന്ന കഥാഘടന. കാവ്യമനോഹരമായ ആഖ്യാനശൈലി. ഊട്ടിയുടെ അറിയപ്പെടാത്ത ചരിത്രം കൂടിയാണ് മികച്ച വായനാനുഭവം പകരുന്ന ഈ നോവല്‍. ‘ഹിമമേഘങ്ങള്‍’. എസ്. മഹാദേവന്‍ തമ്പി. ഗ്രീന്‍ ബുക്സ്. വില 102 രൂപ.

◾ചായ നിര്‍ബന്ധമുള്ളവരാണ് നമ്മളില്‍ പലരും. രാവിലെ ഉറക്കം എണീക്കുന്നതു മുതല്‍ ഈ ശീലം തുടങ്ങുന്നു. ദിവസത്തില്‍ നിരവധി ചായ കുടിക്കുന്നവര്‍ ഉണ്ടാകും. ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ തലച്ചോറിനെയും ശരീരത്തെയും സജീവമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചായ കുടിക്കുമ്പോള്‍ ഉണ്ടാകുന്ന ചില തെറ്റുകള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകാര്യമായി ബാധിക്കും. അതില്‍ പ്രധാനമാണ് ചായ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ചായ ദീര്‍ഘനേരം സൂക്ഷിക്കുന്നത് അതിലെ വിഷാംശം വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഏറെ സമയം സൂക്ഷിച്ച ചായ കുടിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഭക്ഷണത്തോടൊപ്പം ചായ കുടിക്കുന്നത് ശരിയല്ല. ഭക്ഷണത്തോടൊപ്പം കഫീന്‍ കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. അതുകൊണ്ട് ഭക്ഷണത്തോടൊപ്പം ചായ കുടിക്കരുത്. അതുപോലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നതും ശരീരത്തിന് നല്ലതല്ല. ഈ ശീലം അസിഡിറ്റിക്കും മലബന്ധത്തിനും കാരണമാകും. വെറും വയറ്റില്‍ കഫീന്‍ കഴിക്കുന്നത് ദഹനത്തെ മന്ദീഭവിപ്പിക്കും. ഛര്‍ദി, ഓക്കാനം എന്നിവയും അനുഭവപ്പെടാം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.92, പൗണ്ട് – 104.80, യൂറോ – 89.70, സ്വിസ് ഫ്രാങ്ക് – 94.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.93, ബഹറിന്‍ ദിനാര്‍ – 219.98, കുവൈത്ത് ദിനാര്‍ -269.48, ഒമാനി റിയാല്‍ – 215.40, സൗദി റിയാല്‍ – 22.11, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.78, കനേഡിയന്‍ ഡോളര്‍ – 61.10.

Leave a Reply

Your email address will not be published. Required fields are marked *