വെഞ്ഞാറമൂട്: സൂര്യാതപമേറ്റ് വയോധികന് വീടിനു മുകളില്‍ കുടുങ്ങി. വെള്ളുമണ്ണടി കുഴിക്കര പുത്തന്‍വീട്ടില്‍ ദാമോദരനാണ് (85) സൂര്യാതപമേറ്റത്. തിങ്കളാഴ്ച പകല്‍ 11ന് ഇദ്ദേഹം ഓടിട്ട മേല്ക്കൂരയോടുകൂടിയ വീടിന്റെ മുകളില്‍ ടാര്‍പോളിന്‍ കെട്ടാന്‍ കയറിയതായിരുന്നു. അൽപസമയത്തിനകം സൂര്യാതപമേൽക്കുകയും അര്‍ദ്ധ ബോധാവസ്ഥയിലായി രണ്ടുമണിക്കൂർ വീടിനു മുകളില്‍ കുടുങ്ങുകയും ചെയ്തു.
ഇതോടെ ദേഹത്ത് വീണ്ടും പൊള്ളലേറ്റു. പുറത്തുപോയിരുന്ന വീട്ടിലെ മറ്റംഗങ്ങള്‍ മടങ്ങിയെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് അവര്‍ നിലത്തിറക്കാന്‍ ശ്രമിച്ചിട്ടും ഫലംകണ്ടില്ല. തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. അവരെത്തി ദാമോദരനെ നിലത്തിറക്കി വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ഗ്രേഡ് എ.എസ്.ടി.ഒ ജയദേവന്, ഗ്രേഡ് എസ്.എഫ്.ആര്.ഒ മനോജ്, എഫ്.ആര്.ഒമാരായ രഞ്ജിത്ത്, സൈഫുദ്ദീന്, എച്ച്.ജിമാരായ മനോജ്, മാഹിന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.