കോട്ടയം: കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുകയായിരുന്ന നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴി പ്രിയ ബിനോയി (42)-ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കോട്ടയം നാഗമ്പടം മേൽപ്പാലത്തിലായിരുന്നു അപകടം.ഭർത്താവ് ബിനോയിക്കൊപ്പം സഞ്ചരിക്കുമ്പോൾ നഗരത്തിൽനിന്ന് നാഗമ്പടം മേൽപ്പാലത്തിലേക്ക് കടക്കവേ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. ബിനോയിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ട്രാഫിക് പോലീസ് സംഘം സ്ഥലത്തെത്തിയാണ് പരിക്കേറ്റ ഇരുവരെയും വാഹനത്തിനടിയിൽനിന്ന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
