സാധാരണ 62 രൂപയ്ക്കു നടത്തുന്ന യാത്രയ്ക്ക് ഊബര്‍ നല്‍കിയത് 7.66 കോടി രൂപയുടെ ബില്ല്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് യാത്രക്കാരനെ കടക്കെണിയിലാക്കിയ സംഭവം.
സ്ഥിരമായി 62 രൂപയ്ക്ക് യാത്ര ചെയ്യുന്ന വഴിയില്‍ വെള്ളിയാഴ്ച യാത്ര ചെയ്തപ്പോഴാണ് ഇത്രയും വലിയ തുകയുടെ ബില്ല് വന്നത്. ദീപക് തെങ്കൂരിയ എന്ന യുവാവിനാണ് ബില്ല് ലഭിച്ചത്.
ദീപകിന്റെ സുഹൃത്ത് തന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് സംഭവം അറിയിച്ചത്. ദീപകിന്റെ സുഹൃത്ത് പങ്കുവച്ച വിഡിയോയില്‍ ഏഴരക്കോടി രൂപയുടെ ഊബര്‍ ചാര്‍ജിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.
കൃത്യമായി 7,66,83,762 രൂപയാണ് ആകെ ബില്ല്. ഇതില്‍ 1,67,74,647 യാത്രാ ചെലവും ബാക്കി 5,99,09,189 രൂപ വെയിറ്റിംഗ് ചാര്‍ജ് ഇനത്തിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 75 രൂപയുടെ ഡിസ്‌കൗണ്ടും നല്‍കിയിട്ടുമുണ്ട്.
അതേ സമയം, ഡ്രൈവര്‍ കാത്തുനിന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ വെയിറ്റിങ് ചാര്‍ജ് വരേണ്ട കാര്യമില്ലെന്നും ദീപക് പറയുന്നുണ്ട്. വിഡിയോ വൈറലായതിനു പിന്നാലെ ക്ഷമാപണവുമായി ഊബര്‍ രംഗത്തുവന്നു. സാങ്കേതിക തകരാര്‍ പരിശോധിക്കുമെന്നും ഊബര്‍ പറഞ്ഞു.