കോട്ടയം: പത്രികനല്‍കല്‍ഘട്ടം അവസാനിക്കുമ്പോള്‍ കോട്ടയത്ത് മുന്നണികള്‍ക്ക് പോരുകൊത്താന്‍ ചിഹ്നവിവാദം. യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് ചിഹ്നത്തിനുവേണ്ടി ഇനിയും കാത്തിരിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകൃത പാര്‍ട്ടിയല്ലാത്തതാണ് കാരണം. അതിനാല്‍ സ്വതന്ത്രര്‍ക്ക് ചിഹ്നം അനുവദിക്കുന്ന ഘട്ടംവരെ കാത്തിരിക്കണം. ഈ അവസരം മുതലെടുത്ത് ഇടതുമുന്നണി ചിഹ്നത്തില്‍ കൊരുത്ത് പ്രചാരണം കൊഴുപ്പിക്കുന്നു.
തുടര്‍ച്ചയായി ഒരേ ചിഹ്നത്തില്‍ എന്നുപറഞ്ഞാണ് തോമസ് ചാഴികാടനുവേണ്ടി മുന്നണി വോട്ടുതേടുന്നത്. രണ്ടിലയാണ് പാര്‍ട്ടി ചിഹ്നം. തോമസ് ചാഴികാടന്‍ ഏറ്റുമാനൂരില്‍നിന്ന് എം.എല്‍.എ. ആയതും കോട്ടയത്തുനിന്ന് എം.പി.യായതും രണ്ടിലയിലാണ് എന്നതാണ് അവരുടെ പ്രചാരണത്തിന്റെ മുദ്ര. ഇതില്‍ ഒരിക്കല്‍ അവസാനിപ്പിച്ച ചിഹ്നയുദ്ധത്തിന്റെ ഒളിയമ്പുകളും അവര്‍ കരുതിവെക്കുന്നു.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിനുശേഷം രണ്ടിലയ്ക്കായി ജോസ്, ജോസഫ് പക്ഷങ്ങള്‍ നടത്തിയ നിയമപോരാട്ടം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍വരെ എത്തിയിരുന്നു. വിജയം മാറിമറിഞ്ഞ പോരില്‍ അവസാന ചിരി ജോസിന്റേതായിരുന്നു. കേരള കോണ്‍ഗ്രസ് (എം) എന്ന അംഗീകാരവും രണ്ടിലയും സ്വന്തം. ഇതോടെ ജോസഫ് വിഭാഗം സ്വന്തം ചിഹ്നത്തിന് അന്വേഷണമായി. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെണ്ടയും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്രാക്ടറും ചിഹ്നമായി.
പി.സി. തോമസിന്റെ പാര്‍ട്ടിയുമായി ലയിച്ച് കേരള കോണ്‍ഗ്രസ് രജിസ്‌ട്രേഷന്‍ സ്വന്തമാക്കിയെങ്കിലും അംഗീകൃത പാര്‍ട്ടിയാകാനും സ്വന്തം ചിഹ്നം കിട്ടാനും ഒരു എം.പി. വേണം. ആ പോരാട്ടമാണ് ഇക്കുറി പാര്‍ട്ടിക്ക്. രണ്ടില ഒരു ഘടകമല്ലെന്നാണ് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. മാത്രമല്ല, കേരള കോണ്‍ഗ്രസ് എമ്മിനെ ഒന്നു കുത്തുകയും ചെയ്തു. പാലായില്‍ രണ്ടിലയില്‍ തോറ്റില്ലേ, കടുത്തുരുത്തിയില്‍ തോറ്റില്ലേ എന്നായിരുന്നു പരാമര്‍ശം.