കൊച്ചി: പഴക്കുലകളും മാമ്പഴക്കുലകളും നൽകിയാണ് യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡനെ വോട്ടർമാർ സ്വീകരിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിക്ക് കതൃക്കടവ് ജംഗ്‌ഷനിൽ നിന്നാണ് ഹൈബി ഈഡന്റെ വാഹന പര്യടനം ആരംഭിച്ചത്. കടവന്ത്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. നൂറിലേറെ പേരാണ് സ്‌ഥാനാർഥിയെ സ്വീകരിക്കാനായി എത്തിച്ചേർന്നത്. തുടർന്ന് പാലാത്തുരുത്തി ജംഗ്‌ഷൻ, കുടുംബികോളനി ജംഗ്‌ഷൻ എന്നിവിടങ്ങളിലെല്ലാം വൻ ജനാവലിയാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. വിഷുക്കാഴ്ചകളുമായി കുട്ടികളടക്കമാണ് സ്‌ഥാനാർഥിയെ വരവേറ്റത്. തുടർന്ന് വൈറ്റില മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ഇരുപതോളം കേന്ദ്രങ്ങളിൽ ഹൈബി ഈഡന് സ്വീകരണം നൽകി. ഉച്ച വരെയുള്ള പ്രചാരണം പാരഡൈസ് റോഡിൽ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണ പരിപാടികൾ കടുപ്പത്ത് നിന്നാരംഭിച്ചു. തുടർന്ന് തമ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പാലാരിവട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണ പരിപാടികൾ പാലാരിവട്ടം ജംഗ്‌ഷനിൽ ആരംഭിച്ചു. രാത്രിയിൽ കറുകപ്പള്ളിൽ സമാപിച്ചു. എം.പിയായിരിക്കെ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും ഹൈബി ഈഡൻ വോട്ടഭ്യർഥിച്ചത്.
